ആർട്സ് ക്ലബ് ചലിക്കും റോഷന്റെ ചുവടുകൾക്കൊപ്പം

ചാക്ക ഐടിഐയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച റോഷനെ തോളിലേറ്റി വിജയാഹ്ലാദം പങ്കുവയ്ക്കുന്ന മറ്റ് ജേതാക്കളും സുഹൃത്തുക്കളും
സഞ്ജയ് സുരേഷ്
Published on Jan 24, 2026, 12:00 AM | 1 min read
വഞ്ചിയൂർ
നൃത്തം പഠിക്കണമെന്ന അതിയായ ആഗ്രഹവുമായി പല ഡാൻസ് സ്കൂളുകളുടെയും പടികയറിയെങ്കിലും റോഷന്റെ ‘പരിമിതികൾ' കണ്ടെത്തി മടക്കി അയച്ചവർ നിരവധിയാണ്. അതേ റോഷനെയാണ് ചാക്ക ഐടിഐയിലെ വിദ്യാർഥികൾ തങ്ങളുടെ കലാവൈഭവങ്ങളെ നയിക്കുന്ന ആർട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജാജി നഗർ സ്വദേശിയായ റോഷൻ എസ് ലെനിന് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. ഇരുകാലുകൾക്കും വൈകല്യവുമുണ്ട്. എന്നാൽ ഗുരുനാഥന്മാരില്ലാതെ, താളങ്ങൾ കേൾക്കാതെ, ഉള്ളിലെ സംഗീതത്തിനൊത്ത് റോഷൻ സ്വയം നൃത്തം പഠിച്ചുതുടങ്ങി. ആ കഠിനാധ്വാനം അവനെ ‘തല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വരെയെത്തിച്ചു. ചാക്ക ഐടിഐയിലെ ഒന്നാം വർഷ എംസിഇഎ വിദ്യാർഥിയായ റോഷൻ, എസ്എഫ്ഐ പാനലിലാണ് ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. വൈകല്യങ്ങൾ തന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് സഹപാഠികളെ ബോധ്യപ്പെടുത്തിയ റോഷനെ ആവേശത്തോടെയാണ് ക്യാമ്പസ് സ്വീകരിച്ചത്. റോഷന്റെ ഈ പോരാട്ടത്തിനു പിന്നിൽ വലിയൊരു താങ്ങായി നിൽക്കുന്നത് അച്ഛൻ ലെനിനും അമ്മ സന്ധ്യാ റാണിയും സഹോദരി റോമയുമാണ്. "പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല’ എന്ന് തന്റെ ഓരോ ചുവടിലൂടെയും തെളിയിച്ചാണ് റോഷൻ മുന്നേറുന്നത്.









0 comments