തലസ്ഥാനത്ത് സ്വകാര്യ ടൂറിസ്റ്റ് ഏജൻസിയുടെ ക്രൂരത
അധ്യാപികമാരെയും വിദ്യാർഥികളെയും രാത്രി ബസിൽനിന്ന് ഇറക്കിവിട്ടു

പൊലീസെത്തി വിദ്യാർഥികളെയും അധ്യാപികമാരെയും റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനായി ബസിലേക്ക് കയറ്റുന്നു

സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:55 AM | 1 min read
തിരുവനന്തപുരം
വിദ്യാർഥികളും അധ്യാപികമാരും അടങ്ങുന്ന സംഘത്തെ അർധരാത്രി റോഡിൽ ഇറക്കിവിട്ട് സ്വകാര്യ ടൂറിസ്റ്റ് ഏജൻസിയുടെ ക്രൂരത. ശനി അർധരാത്രി 12.10ന് ബേക്കറി ജങ്‌ഷനിലെ ആളൊഴിഞ്ഞ സ്ഥലത്താണ് തൃശൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളെയും അധ്യാപികമാരെയും ടൂർ ഏജൻസി ജീവനക്കാർ ഇറക്കിവിട്ടത്. വിദ്യാർഥികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇവരെ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാൻ ടൂർ ഏജൻസിയോടുതന്നെ നിർദേശിച്ചു. ശനി പുലർച്ചെയാണ് ടൂർ പാക്കേജ് ആരംഭിച്ചത്. തലസ്ഥാനത്തുനിന്ന് ആരംഭിച്ച് ദൂരസ്ഥലങ്ങൾ ഉൾപ്പെടുന്ന സമഗ്ര പാക്കേജാണ് ഏജൻസി വാഗ്ദാനം ചെയ്തത്. എന്നാൽ കനകക്കുന്ന്, കുതിരമാളിക, പത്മനാഭസ്വാമി ക്ഷേത്രം, വേളി, ലുലുമാൾ എന്നിവിടങ്ങളിൽ മാത്രം കൊണ്ടുപോയി യാത്ര അവസാനിപ്പിച്ചു. തുടർന്ന് ട്രാഫിക് ബ്ലോക്ക് കാരണം ദൂരസ്ഥലങ്ങളിൽ പോകാൻ കഴിയില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. പൈസ കുറയ്ക്കാനും തയ്യാറായില്ല. വിവിധ സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പാലിച്ചില്ല. പാക്കേജിന്റെ പണം പൂർണമായി നൽകാമെന്ന് പറഞ്ഞിട്ടും ബേക്കറി ജങ്‌ഷനിലെ വിജനമായ സ്ഥലത്ത് സംഘത്തെ ഇറക്കിവിടുകയായിരുന്നു. ഇവർ ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ, കൂടുതൽ പേർ സ്ഥലത്തെത്തി ഇവരെ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിദ്യാർഥികൾ പൊലീസിൽ വിവരം അറിയിച്ചത്.
ടൂറിസം വകുപ്പിനെ ആശ്രയിക്കാം
സംസ്ഥാനത്ത് വിനോദസഞ്ചാരം നടത്തുന്നവർക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാൻ ‘https://www.keralatourism. org/’ എന്ന കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആശ്രയിക്കാം. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്രാ സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നത് തട്ടിപ്പ് ഒഴിവാക്കാൻ സഹായിക്കും.









0 comments