നേരോടെ നെയ്യാറ്റിൻകര


വൈഷ്‌ണവ് ബാബു
Published on Mar 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ പുതുയുഗപ്പിറവിക്ക് തിരികൊളുത്തിയ അരുവിപ്പുറം പ്രതിഷ്ഠയുടെ നാട് എന്നും ഇടതിനെ നെഞ്ചോടുചേർക്കുന്നു. ബ്രിട്ടീഷുകാരുടെ നിറതോക്കിനുനേരെ മുഷ്ടിചുരുട്ടി മരണത്തിലേക്ക് നടന്നുകയറിയ രക്തസാക്ഷികളുടെയും ദിവാൻ ഭരണത്തിനെതിരെ പേനകൊണ്ട് സമരമുഖം തുറന്ന ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെയും ജന്മദേശം.
എൽഡിഎഫ് സർക്കാർ 10 വർഷം തികയുമ്പോൾ സമാനതകളില്ലാത്ത വികസനങ്ങളാണ് നാട്ടിൽ നടപ്പാക്കിയത്. അതിയന്നൂർ, കാരോട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതിയും നെയ്യാറ്റിൻകര ആശുപത്രിയിലെ വികസനപ്രവർത്തനങ്ങളും അവയിൽ ചിലതുമാത്രം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയിലെ ആർ ജനാർദനൻ നായർക്കായിരുന്നു നെയ്യാറ്റിൻകരയിൽ ജയം. 1960ൽ പിഎസ്‌പിയിലെ പി നാരായണൻ തമ്പിയും 1965ൽ ജി ചന്ദ്രശേഖരപിള്ളയും 1967ൽ ആർ ഗോപാലകൃഷ്‌ണപിള്ളയും വിജയിച്ചു.
1970ൽ സിപിഐ എമ്മിലെ ആർ പരമേശ്വരൻപിള്ളയും 1977ലും 80ലും എൻഡിപിയിലെ ആർ സുന്ദരേശൻനായരും 1982ലും 87ലും എസ് ആർ തങ്കരാജും 91ലും 96ലും 2001ലും തമ്പാനൂർ രവിയും 2006ൽ സിപിഐ എമ്മിലെ വി ജെ തങ്കപ്പനും വിജയിച്ചു. 2011ൽ കോൺഗ്രസിലെ തമ്പാനൂർ രവിയെ പരാജയപ്പെടുത്തിയ ആർ സെൽവരാജ് സ്ഥാനം രാജിവച്ച് കോൺഗ്രസിലേക്ക് ചേക്കേറി.
തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സെൽവരാജ് യുഡിഎഫ് പ്രതിനിധിയായി വിജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ കെ ആൻസലൻ 9543 വോട്ടിനാണ് സെൽവരാജിനെ പരാജയപ്പെടുത്തിയത്. തുടർന്ന് 2021–ൽ 18,705 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും നെയ്യാറ്റിൻകരയുടെ ഹൃദയംകവർന്നു. നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.










0 comments