പാലോട് മേള
താരങ്ങളായി റോബിൻസനും പ്രഭാകരൻനായരും

കാർഷിക വിഭവങ്ങളുമായി മേളാഗ്രൗണ്ടിൽ പ്രഭാകരൻ നായർ
നെടുമങ്ങാട്
റോബിൻസനും പ്രഭാകരൻനായരുമാണ് താരങ്ങൾ. ഒരുതവണപോലും മുടങ്ങാതെ കഴിഞ്ഞ 50 വർഷമായി പാലോട് മേളയിൽ കാർഷികവിഭവങ്ങളുമായി എത്തുന്ന ഇവരെ കാണാനും വിഭവങ്ങൾ വാങ്ങാനും തിരക്കേറെയാണ്. കർഷകകുടുംബത്തിൽ ജനിച്ച മൈലമൂട് സ്വദേശി പ്രഭാകരൻനായരും കള്ളിപ്പാറ സ്വദേശി റോബിൻസനും വിപണി ലക്ഷ്യംവച്ചാണ് അരനൂറ്റാണ്ടുമുമ്പ് മേളയിലെത്തുന്നത്. എല്ലാ വർഷവും ഇത് പതിവായി. അവിടെവച്ച് പരിചയക്കാരുമായി. പുരയിടത്തിലും പാട്ടക്കൃഷിയിടത്തിലുമായി നാടൻവിഭവങ്ങൾ കൃഷി ചെയ്യുന്ന ഇവർ ജൈവവിഭവങ്ങൾ ഇല്ലാത്ത വർഷം അത് ഉള്ളയിടത്തുനിന്ന് അമിതവിലയ്ക്ക് വാങ്ങിയെങ്കിലും മേളയിലെത്തും. കാച്ചിൽ, ചേന, ചേമ്പ്, മരച്ചീനി, തെങ്ങിൻതൈകൾ, മാവിൻതൈകൾ, വിത്തിനങ്ങൾ മുതലായവ ഇരുവരുടെയും സ്റ്റാളുകളിൽ സുലഭം. നാലാംദിവസമായ ചൊവ്വാഴ്ച മേളയുടെ ഭാഗമായി മാധ്യമ സെമിനാർ നടന്നു. മാധ്യമപ്രവർത്തകൻ എം ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. റിജു ശ്രീധർ അധ്യക്ഷനായി. മാധ്യമപ്രവർത്തകരായ ആദിൽ പാലോട്, റിനു ശ്രീധർ, ഭരതന്നൂർ ഷെമീർ, ഭാരവാഹികളായ എം ഷെഹനാസ്, എസ് ബൈജു, എസ് ടി ബിജു എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നടന്ന ഓലമെടയൽ മത്സരത്തിൽ വിജയിച്ചവർക്കും ശരീരസൗന്ദര്യമത്സരത്തിൽ വിജയിച്ചവർക്കും മേളയുടെ മുഖ്യരക്ഷാധികാരി വി കെ മധു സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി രഘുനാഥൻനായർ, പാപ്പനംകോട് അനി, വി എസ് പ്രമോദ് എന്നിവർ പങ്കെടുത്തു. മേളയിൽ ഇന്ന് രാവിലെ 10ന് റബർ കർഷക സെമിനാർ, കാവ്യമേള, വൈകിട്ട് അഞ്ചിന് ഉദ്ഘാടനം– വി മധുസൂദനൻനായർ, രാത്രി 9.30ന് നാടകം.









0 comments