സൂര്യകാന്തിപ്പാടത്തിലുയർന്ന ‘കൃഷിയുടെ ആരവം’

ആരവും അച്ഛൻ സുജിത്തും മേനംകുളം മരിയൻ എഡ്യൂസിറ്റി ക്യാമ്പസിലെ തോട്ടത്തിൽ കൃഷി ചെയ്‌ത സൂര്യകാന്തിപ്പൂക്കളോടൊപ്പം

വി എസ് വിഷ്‌ണുപ്രസാദ്
Published on Sep 03, 2026, 12:00 AM | 1 min read
തിരുവനന്തപുരം
മൂന്നാംവയസ്സിൽ അടുക്കളത്തോട്ടത്തിൽ അച്ഛനും അമ്മയ്‌ക്കുമൊപ്പം പച്ചക്കറി വിത്തിട്ട് തുടങ്ങിയതാണ് ആരവിന് കൃഷിയോടുള്ള സ്‌നേഹം. കുട്ടികൾക്ക് മണ്ണിൽ കളിക്കാനുള്ള കൗതുകമായി അത് അവസാനിച്ചില്ല. നാലാംവയസ്സിൽ ശ്രീകാര്യം കൃഷിഭവന്റെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നേടി നാട്ടിൽ അറിയപ്പെടുന്ന കർഷകനായി. കഴിഞ്ഞ രണ്ടുവർഷമായി തലസ്ഥാന നഗരത്തിന് ആവേശമായ സൂര്യകാന്തിപ്പാടത്തിന്റെ സംഘാടകരിലൊരാളാണ് എട്ടുവയസ്സുള്ള എസ് എസ് ആരവ്. അച്ഛൻ എസ് വി സുജിത്താണ് പ്രധാനസംഘാടകൻ. ഇത്തവണത്തെ ഓണത്തിന് മേനംകുളം മരിയൻ എഡ്യൂസിറ്റി ക്യാന്പസിലെ ആറേക്കറിൽ ഒരുക്കിയ ‘ആരവം’ എന്ന കാർഷിക, പുഷ്‌പമേളയ്‌ക്ക് തന്റെ പേരാണ് അച്ഛൻ നൽകിയതെന്ന് ആരവ് പറയുന്നു. മകന് കൃഷിയോടുള്ള താൽപ്പര്യം നിലനിർത്താനാണ് അവന്റെ പേരുതന്നെ നൽകി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതെന്ന് സുജിത്തും പറഞ്ഞു. 2022ൽ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള ഹരിതമിത്ര അവാർഡ് നേടിയ സുജിത് മണലിൽ കൃഷിചെയ്യുന്ന ഇസ്രയേൽ (കൃത്യത കൃഷി) രീതിയാണ് പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് തുന്പ സെന്റ് സേവ്യേഴ്‌സ് കോളേജിന്റെ 20 ഏക്കറിൽ പച്ചക്കറിയും പുഷ്‌പകൃഷിയും നടത്തിയപ്പോഴും ആരവ് അച്ഛന്റെ സഹായിയായി ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് ‘നാടൻ’ എന്ന പേരിൽ ജൈവപച്ചക്കറിയും വിപണിയിലെത്തിക്കുന്നുണ്ട്. ശ്രീകാര്യം ഇടവക്കോട് ലക്കോള ചെന്പക സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് ആരവ്.










0 comments