Deshabhimani

പരിസ്ഥിതിലോല മേഖല

ജനങ്ങളുടെ ആശങ്ക 
പരിഹരിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ) നിർണയത്തിൽ മലയോര മേഖലകളിലെ ഓരോ കുടുംബത്തിന്റെയും ഭൂമിയുടെ പദവിയിൽ വ്യക്തത വേണമെന്ന ആവശ്യം ശക്തം. അമ്പൂരി, കള്ളിക്കാട്, വാഴിച്ചൽ വില്ലേജുകളിലെ ജനവാസ–കാർഷിക ഭൂമിയെ വനഭൂമിയുമായി കൂട്ടിക്കുഴയ്ക്കാതെ, ശാസ്ത്രീയമായ റവന്യു ഭൂരേഖാ പരിശോധനയിലൂടെ സംരക്ഷണപരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. റബർ തോട്ടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിറഞ്ഞ അമ്പൂരി, കള്ളിക്കാട് വില്ലേജുകളിലും ആദിവാസി വിഭാഗമായ കാണിക്കാർ താമസിക്കുന്ന വാഴിച്ചലിലും ഉപഗ്രഹ ചിത്രങ്ങൾ മാത്രം നോക്കാതെ നേരിട്ടുള്ള സ്ഥലപരിശോധന അനിവാര്യമാണ്. ഓരോ വ്യക്തിയുടെയും ഭൂമിയുടെ കൃത്യമായ അതിർത്തികൾ, സർവേ നമ്പരുകൾ, അളവുകൾ എന്നിവ രേഖപ്പെടുത്തിയിട്ടുള്ള കഡസ്ട്രൽ ഭൂപടങ്ങൾ പഞ്ചായത്ത്–വില്ലേജ് തലങ്ങളിൽ പൊതുജന പരിശോധനയ്ക്ക് ലഭ്യമാക്കിയാൽ മാത്രമേ ആശങ്കകൾക്ക് പരിഹാരമാകൂ. ജൂലൈ 27-ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട ഇഎസ്എ കരട് വിജ്ഞാപനത്തിൽ കേരളത്തിന് 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് നിർദേശിച്ചത്. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര ഭൂമിയുമാണെന്ന് കേന്ദ്രരേഖ വ്യക്തമാക്കുന്നു. കേരളം ഇതില്‍ കൂടുതൽ കൃത്യമായ പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബർ 25-ന് സംസ്ഥാനം 8,590.69 ചതുരശ്ര കിലോമീറ്ററായി പരിധി കുറയ്ക്കുകയും ജനവാസ, കാർഷിക, പ്ലാന്റേഷൻ മേഖലകൾ ഒഴിവാക്കുകയും ചെയ്യുന്ന പരിഷ്കരിച്ച നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്റെ പുതിയ കരട് ഇപ്പോഴും അന്തിമ വിജ്ഞാപനമല്ല.

ജനവാസ–കാർഷിക മേഖലകളെ 
ഒഴിവാക്കണം ​

പാറശാല

മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചൽ വില്ലേജുകളിലെ ഇഎസ്എ അതിർത്തി ശാസ്ത്രീയമായി പുനഃപരിശോധിച്ച് ജനവാസ–കാർഷിക മേഖലകളെ പൂർണമായി ഒഴിവാക്കണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. എന്നാൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ തലമുറകളായി ജീവിക്കുന്ന മനുഷ്യരുടെ ഭൂമിയുടെ നിയമപരമായ നില അനിശ്ചിതമാക്കാൻ പാടില്ല. വനം സംരക്ഷിക്കണം; അതോടൊപ്പം വനമല്ലാത്ത ജനവാസ–കാർഷിക ഭൂമിയും സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ നടപടികൾ പൂർണമായും സുതാര്യമായിരിക്കണം. പശ്ചിമഘട്ടവും വനവും ജൈവവൈവിധ്യവും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടണം.

സി കെ ഹരീന്ദ്രൻ എംഎൽഎ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home