വികസന വെളിച്ചത്തിൽ പോത്തൻകോട്

മംഗലപുരം
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ സുവർണ കാലഘട്ടമായിരുന്നു കഴിഞ്ഞ 5 വർഷം. ആദ്യ രണ്ടു വർഷം കോവിഡ് തീർത്ത പ്രതിസന്ധിയിലും തളരാതെ ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിച്ചു. ആർ ഹരിപ്രസാദ് പ്രസിഡന്റും അഡ്വ. കെ എസ് അനീജ വൈസ് പ്രസിഡന്റുമായ ഭരണസമിതി അഭൂതപൂർവമായ വികസനമാണ് യാഥാർഥ്യമാക്കിയത്. പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഉറപ്പാക്കാനായി എല്ലാ വർഷവും 25 ലക്ഷം രൂപയിലധികം ചെലവാക്കി. പുത്തൻ തോപ്പ്, അണ്ടൂർക്കോണം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം സജ്ജമാക്കി. ഓരോ ആശുപത്രിയിലും ഓരോ ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരേയും നിയമിച്ചു. രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 6 ലക്ഷം ചെലവഴിച്ച് ഫിസിയോതെറാപ്പി ക്ലിനിക്കുകൾ സ്ഥാപിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ച് പോത്തൻകോട് ബസ് സ്റ്റാൻഡിനു സമീപത്തും മംഗലപുരത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും വനിതാ ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിച്ചു. കഠിനംകുളം കായൽത്തീരത്ത് പതിനായിരത്തിലധികം കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു. 35 ലക്ഷം രൂപയാണ് ഡിവിഷനിലെ കുളം നവീകരണത്തിനായി വിനിയോഗിച്ചത്. ലാബുകളെയെല്ലാം നവീകരിച്ച് നിലവാരമുള്ളതാക്കി. സംസാര വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സിക്കാനായി പുത്തൻതോപ്പിൽ സ്പീച്ച് തെറാപ്പി സെന്റർ പ്രവർത്തിക്കുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് ആംബുലൻസുകളും മിതമായ നിരക്കിൽ സേവനം ലഭ്യമാക്കുന്നുണ്ട്.







0 comments