ad
Deshabhimani

കുതിപ്പ്‌ തുടരാൻ പാറശാല

!
avatar
സുനീഷ്‌ ജോ

Published on Mar 06, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ്‌ പാറശാല. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി കെ ഹരീന്ദ്രൻ വിജയിച്ചു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 2016ൽ 18,566 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ 2021ൽ 25,828 ആയി ഉയർത്തി.


കള്ളിക്കാട്, അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള, കുന്നത്തുകാൽ, കൊല്ലയിൽ, പാറശാല എന്നീ ഒമ്പതു പഞ്ചായത്തിലും എൽഡിഎഫിന്‌ വ്യക്തമായ ലീഡുണ്ടായിരുന്നു. വെള്ളറടയിലും അമ്പൂരിയിലും ഒറ്റശേഖരമംഗലത്തും അന്ന്‌ കോൺഗ്രസായിരുന്നു ഭരണത്തിൽ. ഈ പഞ്ചായത്തുകളിൽപ്പോലും വമ്പിച്ച ലീഡാണ് കഴിഞ്ഞതവണ സി കെ ഹരീന്ദ്രൻ നേടിയത്‌.


2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏക ബിജെപി പഞ്ചായത്തായ കള്ളിക്കാട്ട്‌ എൽഡിഎഫ്‌ അട്ടിമറിവിജയം നേടി. വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്‌, കൊല്ലയിൽ പഞ്ചായത്തുകളിലും എൽഡിഎഫാണ്‌. കുന്നത്തുകാലിൽ 10 വാർഡുകൾവീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചെങ്കിലും നറുക്കെടുപ്പിൽ ഭരണം എൽഡിഎഫിനായി.


പാറശാല, അമ്പൂരി, പെരുങ്കടവിള പഞ്ചായത്തുകളിൽ ഭരണം യുഡിഎഫ്‌ നേടി. 2016ൽ 2,08,815 വോട്ടർമാരാണ്‌ മണ്ഡലത്തിലുണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പിൽ 1,57,161 പേർ വോട്ട്‌ ചെയ്‌തു. പോളിങ്‌ ശതമാനം 75.26. 2021ൽ വോട്ടർമാരുടെ എണ്ണം 2,19,131. വോട്ട്‌ ചെയ്‌തത്‌ 1,58,303 പേർ. പോളിങ്‌ 72.41 ശതമാനമായി കുറഞ്ഞു.


തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കിയതോടെ വോട്ടർമാർ 1,93,742 ആയി. കാൽലക്ഷത്തിലധികംപേരുടെ കുറവാണ്‌ ഉണ്ടായത്‌. പത്തുവർഷത്തിനിടെ 2000 കോടിയിലധികം രൂപയുടെ വികസനമാണ്‌ സി കെ ഹരീന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയത്‌.


കുമ്പിച്ചൽക്കടവ്‌ പാലം, മികച്ച ഗ്രാമീണ റോഡുകൾ, മലയോര ഹൈവേ, ദേശീയപാത, കുടിവെള്ള പദ്ധതികൾ, ആരോഗ്യസംവിധാനം തുടങ്ങി സമസ്‌തമേഖലകളിലും വികസനക്കുതിപ്പ്‌ പ്രകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home