ഭാര്യാമാതാവിനെ അടിച്ചുകൊന്ന മരുമകന് ജീവപര്യന്തം

തിരുവനന്തപുരം
വസ്തു എഴുതി നൽകാത്തതിന്റെ പേരിൽ ഭാര്യാമാതാവിനെ അടിച്ചുകൊന്ന മരുമകനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ വയറ്റിൻകര കുന്നിൽ വീട്ടിൽ രാജമ്മയെയാണ് മരുമകനായ പ്രസാദ് കമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. 2014 ഡിസംബർ 26ന് രാത്രി 9നാണ് സംഭവം. ടി വി കണ്ടിരുന്ന രാജമ്മയെ പുറകിലൂടെ എത്തിയ പ്രതി വടികൊണ്ട് തലങ്ങുംവിലങ്ങും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജമ്മയുടെ മകൾ ഷീജ എന്ന സലീനയുടെ ഭർത്താവാണ് പ്രതി. രണ്ട് ആൺകുട്ടികളുടെ മാതാവായ ഷീജ വർഷങ്ങൾക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. ഷീജ ആലുംമൂട്ടിൽ വാങ്ങിയ വസ്തുവിൽ പ്രതി കെട്ടിടം നിർമിക്കാനുള്ള അടിത്തറ കെട്ടിയിരുന്നു. വസ്തു തന്റെ പേരിൽ മാറ്റി നൽകിയാൽ വായ്പയെടുത്ത് കെട്ടിട നിർമാണം പൂർത്തിയാക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്‌ധാനം. പ്രസാദ് നേരത്തേ ഈ വസ്തു പണയപ്പെടുത്തിയെടുത്ത വായ്പാബാധ്യത തീർക്കാതെ എഴുതി നൽകില്ലെന്ന നിലപാടിൽ രാജമ്മ ഉറച്ചുനിന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൽ ഹരീഷ് കുമാർ ഹാജരായി.









0 comments