കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ചുറ്റുമതിൽ അപകടാവസ്ഥയിൽ

അപകടാവസ്ഥയിലായ നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിന്നിലെ കരിങ്കൽ ചുറ്റുമതിൽ
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുപിന്നിലെ കൂറ്റൻ കരിങ്കൽ ചുറ്റുമതിൽ തകർച്ചഭീഷണിയിൽ. ദിവസവും നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയോരത്താണ് മൂന്നുപതിറ്റാണ്ടിലേറെ പഴക്കവും 20 അടിയിലേറെ ഉയരവുമുള്ള മതിൽ ദുരന്തഭീഷണിയുയർത്തി നിൽക്കുന്നത്. മതിലിന്റെ കല്ലുകൾക്കിടയിലെ വിടവുകളിൽ വലിയ പാഴ്മരങ്ങൾ വളർന്നുപന്തലിച്ചിരിക്കുകയാണ്. വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം പൂർണമായും റോഡിലേക്ക് ഒഴുകിയെത്തുന്നു. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലവും ഓയിലും മഴവെള്ളവും മതിലിനും കെട്ടിടത്തിനും ഇടയിൽ കെട്ടിക്കിടന്ന് വിള്ളലുകളിലൂടെ പുറത്തേക്ക് ഒഴുകുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും കാടുകയറിയത് വെട്ടിമാറ്റാത്തതുമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയത്. നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് കോൺവന്റ് സ്കൂൾ, വിദ്യാധിരാജ പബ്ലിക് സ്കൂൾ, വിശ്വഭാരതി പബ്ലിക് സ്കൂൾ തുടങ്ങി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളും പ്രദേശവാസികളും യാത്രക്കാരും ദിവസേന ആശ്രയിക്കുന്ന റോഡാണിത്. മഴക്കാലത്തിനുമുന്നോടിയായി മതിൽ ബലപ്പെടുത്താനോ പൊളിച്ചുപണിയാനോ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. പലതവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.







0 comments