കന്നിവോട്ടർമാരോട് രാജേശ്വരിയമ്മ പറയും
സർക്കാരിന് നന്ദി അറിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്

രാജേശ്വരിയമ്മ കന്നിവോട്ടർമാരായ ജോണിനും മീരയ്‌ക്കുമൊപ്പം
സഞ്ജയ് സുരേഷ്
Published on Apr 06, 2026, 11:12 PM | 1 min read
വഞ്ചിയൂർ
തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ വിദ്യാർഥികളായ ജോണും മീരയും അനാട്ടമി റെക്കോഡ് ബുക്ക് തീര്‍ക്കുന്നതിന്റെ തിരക്കിലാണ്. അതിനിടയിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചും ആർക്ക് വോട്ടുനൽകണമെന്നതിനെക്കുറിച്ചുമെല്ലാം അവർ ചർച്ച ചെയ്യുന്നുണ്ട്. അവരുടെ ചർച്ചകൾക്കിടയിലേക്ക് പതിവുപോലെ ക്യാമ്പസിലെ ശുചീകരണ തൊഴിലാളിയായ രാജേശ്വരിയമ്മയുമെത്തി. തങ്ങളുടെ വിശേഷങ്ങൾ മാറ്റിവച്ച് രാജേശ്വരിയമ്മയുടെ വോട്ടോർമകൾ അറിയാനായി അവരുടെ ആഗ്രഹം. "അമ്മ എത്ര കാലമായി വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ട്, ഞങ്ങള്‍ കന്നിവോട്ടർമാരാണ്. ചില കണ്‍ഫ്യൂഷനുകളുണ്ട്' ജോണ്‍ പറഞ്ഞു. അതുവരെ തമാശ പറഞ്ഞുനിന്ന രാജേശ്വരിയമ്മ ഗൗരവത്തിലായി. "നിങ്ങള്‍ക്ക് ഇപ്പോഴത്തെ കാലമല്ലേ അറിയൂ, പലരും പറയുന്ന വാഗ്ദാനങ്ങളല്ലേ കേട്ടിട്ടുള്ളൂ. പക്ഷേ, ഞങ്ങള്‍ പലതും അനുഭവിച്ചതാണ്. അതിൽ പട്ടിണിയും കഷ്ടപ്പാടുമുണ്ടായിരുന്നു. പണ്ടൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലായിരുന്നു. നിങ്ങൾ പഠിക്കുന്ന ഡെന്റല്‍ കോളേജുപോലും ഇങ്ങനെയാക്കിയത് എൽഡിഎഫ് അധികാരത്തിലേറിയശേഷമാണ്. ഈ മാറ്റങ്ങളെല്ലാം ഉണ്ടായത് മനുഷ്യന് വില കൽപ്പിക്കുന്നവർ നാടുഭരിക്കുന്നതുകൊണ്ടാണ്’– ജീവിതസന്പത്തും അനുഭവ ജ്ഞാനവുമുള്ള രാജേശ്വരിയമ്മയുടെ വാക്കുകൾ ഇരുവരും അംഗീകരിച്ചു. എൽഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ പദ്ധതിയും യുവാക്കൾക്ക് സഹായമാകുന്ന കണക്ട് ടു കരിയര്‍ പദ്ധതിയെക്കുറിച്ചും മീരയും പങ്കുവച്ചു. അപ്പോഴും രാജേശ്വരിയമ്മയ്‌ക്ക് ആവേശം മാറിയില്ല. ‘മക്കളേ നിങ്ങള്‍ക്കുവേണ്ടി കുറേ പദ്ധതി കൊണ്ടുവരുമ്പോഴും സർക്കാർ ഞങ്ങടെ പെന്‍ഷന്‍ മുടക്കിയിട്ടില്ല. അവര്‍ നമ്മള്‍ക്ക് ചെയ്തതിന് തിരികെ നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്’– ഇത്രയും ഉപദേശിച്ചശേഷം രാജേശ്വരിയമ്മ തന്റെ ജോലിയിൽ ശ്രദ്ധാലുവായി. ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മീരയും ജോണും. നാടിന് വികസനം സമ്മാനിച്ചവർക്ക് വോട്ടുചെയ്യും എന്ന് ഇരുവരും ഉറപ്പിച്ചിട്ടുണ്ട്.









0 comments