Deshabhimani

കൺനിറച്ച്‌ കാര്യവട്ടം

ആകാശത്തോളം ആവേശം, ആഘോഷം...

കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യ–-വെസ്റ്റ്‌ ഇൻഡീസ്‌ ഏകദിനമത്സരം കാണാനെത്തിയവര്‍   ഫോട്ടോ : എ ആര്‍ അരുണ്‍രാജ്

കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യ–-വെസ്റ്റ്‌ ഇൻഡീസ്‌ ഏകദിനമത്സരം കാണാനെത്തിയവര്‍ ഫോട്ടോ : എ ആര്‍ അരുണ്‍രാജ്

avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്റ്റേഡിയത്തിനെ വീണ്ടും നീലക്കടലാക്കി ക്രിക്കറ്റ്‌ ആരാധകർ. ഇന്ത്യ–-വെസ്റ്റ്‌ ഇൻഡീസ്‌ ഏകദിനമത്സരം കാണാൻ ഏകദേശം 40,000 പേർ സ്റ്റേഡിയത്തിന് ഉള്ളിലുണ്ടായിരുന്നുവെന്നാണ്‌ കണക്ക്‌. അത്രയും ആളുകൾ സ്റ്റേഡിയത്തിന്‌ പുറത്തുമുണ്ടായിരുന്നു. പകൽ 2ന്‌ തുടങ്ങുന്ന മത്സരം കാണാന്‍ രാവിലെ 6 മുതൽ സ്റ്റേഡിയത്തിലേക്ക്‌ ആളുകളെത്തി. ശ്രീകാര്യം–കാര്യവട്ടം–കഴക്കൂട്ടം റോഡ്‌ ഇന്ത്യൻ ആരാധകരാൽ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ടോസ്‌ നേടിയ ഇന്ത്യ ബൗളിങ്‌ തെരഞ്ഞെടുത്തു എന്നറിഞ്ഞതോടെ സ്റ്റേഡിയത്തിനുള്ളിലേക്കുള്ള വരവ്‌ കുറഞ്ഞു. മത്സരം തുടങ്ങി വെയിൽമാഞ്ഞതോടെ, ഇന്ത്യയുടെ ബാറ്റിങ്‌ കാണാൻ ആരാധകർ കൂട്ടമായെത്തി. ആദ്യ ബാറ്റിങ്‌ 35 ഓവർ കഴിഞ്ഞതോടെ ഗ്യാലറികൾ പൂർണമായും നീലയില്‍ മുങ്ങി. ഇന്ത്യ ബാറ്റിങ്‌ ആരംഭിച്ചപ്പോൾ ഗ്യാലറിയിലെ നീലക്കടൽ ‘മെക്‌സിക്കൻ തിരമാല’യായി ആഞ്ഞടിച്ച്‌ ടീമിനെ പ്രോത്സാഹിപ്പിച്ചു. ഓപ്പണിങ്ങിന് ഇറങ്ങിയ ഹിറ്റ്‌മാൻ രോഹിത്‌ ശർമയും ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും പിന്നാലെയെത്തിയ വിരാട്‌ കോഹ്‌ലിയുമെല്ലാം ബൗണ്ടറികളും സിക്‌സറുകളുംകൊണ്ട്‌ ആരാധകർക്ക്‌ ആവേശപ്പൂരമൊരുക്കി. കോഹ്‌ലി, രോഹിത്‌ ശർമ, രവീന്ദ്ര ജഡേജ എന്നിവർക്ക്‌ കാര്യവട്ടത്തെ അവസാന മത്സരം ആയിരിക്കുമെന്നാണ്‌ പ്രചാരണം. അതുകൊണ്ടുതന്നെ മൂന്നുപേർക്കും മികച്ച പ്രോത്സാഹനമാണ്‌ ആരാധകർ ഒരുക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home