ലക്ഷ്യം ഗുജറാത്ത് മോഡലെന്ന് മേയർ
ഓർമയില്ലേ, ലോകത്തില്‍നിന്ന് മറച്ചുപിടിച്ച ചേരികളെ

കോർപറേഷൻ കൗൺസിലിൽ എൽഡിഎഫ് പ്രതിനിധികൾ മേയറുടെ മുമ്പിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തുന്നു
തിരുവനന്തപുരം
ഓർമയില്ലേ, അഹമ്മദാബാദിലെ സാധാരണക്കാർ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ചേരികളെ. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോള്‍ ഇന്ത്യ സന്ദർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും 2020ൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കാണിക്കാതെ മറച്ചുപിടിച്ച ചേരികൾ. അത്തരം ചേരികൾ സ്വന്തമായുള്ള ഒരു കോർപറേഷനെയാണ് തിരുവനന്തപുരം നഗരത്തെ ഇരട്ട നഗരമാക്കാൻ ബിജെപി കൊണ്ടുവരുന്നത് എന്നതറിഞ്ഞ് ആശ്‌ചര്യപ്പെടുകയാണ് ജനങ്ങൾ. വ്യാവസായിക നഗരമായ അഹമ്മദാബാദിന്റെ പകുതിപോലും വിസ്‌തൃതിയില്ലാത്ത കോർപറേഷനാണ് തിരുവനന്തപുരം. ഇരട്ട നഗരം പദ്ധതിയിലൂടെ തലസ്ഥാന ജനതയ്‌ക്ക് എന്ത് നേട്ടമാണെന്ന ചോദ്യത്തിന് മേയർക്കും സംഘത്തിനും മറുപടിയില്ല. എത്രപേരെ കുടിയൊഴിപ്പിക്കേണ്ടിവരും, കോർപറേഷനിലെ എത്ര താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടും തുടങ്ങിയ കാര്യങ്ങളിലും മറുപടിയില്ല.
തലസ്ഥാനം വിൽപ്പനയ്‌ക്കോ
മേയർ വി വി രാജേഷ് ആദ്യം പറഞ്ഞത് വികസനത്തിന്റെ ബ്ലൂ പ്രിന്റ് ഇറക്കുമെന്നായിരുന്നു. പിന്നീട്, ഇൻഡോർ മാതൃകയിൽ വികസനം എന്നാക്കി. ഇപ്പോൾ പറയുന്നു, ഗുജറാത്തിലെ അഹമ്മദാബാദ് കോർപറേഷന്റെ സഹായത്തോടെ തിരുവനന്തപുരത്തെ ഇരട്ട നഗരമാക്കി മാറ്റുമെന്ന്. പക്ഷേ, എന്ത്, എങ്ങനെയെന്ന ചോദ്യത്തിനുമാത്രം മറുപടിയില്ല. നഗരാസൂത്രണം, അടിസ്ഥാന സൗകര്യവികസനം, മാലിന്യ സംസ്‌കരണം, ശുചിത്വം, പൊതുജനാരോഗ്യം, ഗതാഗത സംവിധാനം, ഡിജിറ്റൽ ഭരണനിർവഹണം, പരിസ്ഥിതി സംരക്ഷണം, പൈതൃക സംരക്ഷണം, വരുമാനവർധന, നഗരസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ പരസ്‌പര സഹകരണമാണ് പദ്ധതിയിലൂടെ നടപ്പാകുകയെന്നാണ് തിങ്കളാഴ്‌ച കൗൺസിലിൽ സമർപ്പിച്ച അജൻഡയിലുള്ളത്. എന്നാൽ ഇതിലെല്ലാം തിരുവനന്തപുരം അഹമ്മദാബാദിനേക്കാൾ മുന്നിലാണ് എന്ന യാഥാർഥ്യം മറച്ചുവച്ചാണ് ബിജെപി ഭരണസമിതി നീങ്ങുന്നത്. ഇതിനുപിന്നിൽ കോർപറേറ്റ് ലക്ഷ്യങ്ങൾ മാത്രമാണെന്ന് എൽഡിഎഫ് പറയുന്നു. മ്യൂസിയം, വേളി, ശംഖുംമുഖം എല്ലാം സ്വകാര്യവൽകരിക്കാനുള്ള നീക്കമാണെന്ന് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു.
ജീവിതനിലവാര സൂചിക: മെട്രോനഗരങ്ങൾ പിന്നിൽ; മുന്നിൽ
തിരുവനന്തപുരം ലോകത്തിലെ വലിയ ജീവിതനിലവാര സൂചിക ഡാറ്റാബേസായ നംബിയോയുടെ അർധവാർഷിക കണക്കുപ്രകാരം തിരുവനന്തപുരം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളേക്കാൾ മുന്നിൽ. തിരുവനന്തപുരം നഗരം 121.5 പോയിന്റ് നേടി മെട്രോ നഗരങ്ങളായ പുണെ, ഹൈദരാബാദ്, മംഗളൂരു എന്നിവയെയാണ് പിന്നിലാക്കിയിരിക്കുന്നത്. മിതമായ ജീവിതച്ചെലവുള്ള നഗരമാണ് തിരുവനന്തപുരം എന്നാണ് നംബിയോയുടെ പഠനത്തിലുള്ളത്.ആരോഗ്യമേഖലയിൽ 63.4 പോയിന്റ് നേടി ഉയർന്ന സൂചികയിലാണ് തിരുവനന്തപുരം. യാത്രാസൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉയർന്ന നിലവാരത്തിലാണ്. വിമാനത്താവളം, ടെക്നോപാർക്ക്, പ്രമുഖ ആശുപത്രികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലേക്ക് നഗരത്തിൽനിന്ന് ഏകദേശം 30 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകുമെന്നതാണ് പ്രത്യേകത. കുറഞ്ഞ കുറ്റകൃത്യനിരക്ക്, ശുചിത്വം, പച്ചപ്പ്, സാംസ്‌കാരിക പൈതൃകം എന്നിവയും നഗരത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നു. കുറഞ്ഞ വാങ്ങൽശേഷി, പ്രാദേശിക വേതനം താരതമ്യേന കുറവ് എന്നിവയിൽ തിരുവനന്തപുരം പിന്നിലാണ്. സാധാരണക്കാർക്ക് സ്വന്തമായി വീട് വാങ്ങുന്നതിൽ സാമ്പത്തിക വെല്ലുവിളി തടസ്സമാകുന്നുവെന്നും നംബിയോയുടെ പഠനത്തിൽ പറയുന്നു.
എന്തുപഠിക്കാൻ
തലസ്ഥാനത്ത് ഇരട്ടനഗരം പദ്ധതി നടപ്പാക്കാൻ കോർപറേഷൻ കരാറിലേർപ്പെടാനൊരുങ്ങുന്ന അഹമ്മദാബാദ് മുനിസിപ്പാലിറ്റി എല്ലാ സൂചികയിലും തിരുവനന്തപുരത്തിനു പിന്നിൽ. വികസന സൂചികയിൽ തിരുവനന്തപുരം മൂന്നാംറാങ്കിൽ നിൽക്കുന്പോൾ അഹമ്മദാബാദ് 9–ാം സ്ഥാനത്താണ്. ശുദ്ധവായുലഭ്യതയിൽ തിരുവനന്തപുരം 69–ാം സ്ഥാനത്തും അവർ 106–ാം സ്ഥാനത്തുമാണ്. കുടിവെള്ള ലഭ്യതയിൽ നമ്മൾ 100 ശതമാനം സ്വയംപര്യാപ്‌തരാണ്. അഹമ്മദാബാദിന്റെ നേട്ടം 95.76 ശതമാനം മാത്രം. ആരോഗ്യസേവന ലഭ്യതയിലും തിരുവനന്തപുരം 100 ശതമാനം മുന്നിലാണ്. അഹമ്മദാബാദിൽ 77.39 ശതമാനം മാത്രം. വിദ്യാഭ്യാസത്തിൽ നമ്മൾ 100 ശതമാനം നേട്ടം കൈവരിച്ചപ്പോൾ അവർക്ക് നേടാനായത് 20.16 ശതമാനം മാത്രമാണ്. ഹരിത സൂചികയിൽ നമ്മൾ 46 ശതമാനം നേട്ടം കൈവരിച്ചപ്പോൾ അവർ നേടിയതാകട്ടെ, കേവലം 0.22 ശതമാനം മാത്രം.









0 comments