മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങ്; രണ്ട് കോടി രൂപയുടെ സഹായവുമായി എം എ യൂസഫലി

കോഴിക്കോട്: മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായദൗത്യത്തിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കോഴിക്കോട് ഓമശേരി പഞ്ചായത്തിലെ കല്ലുരുട്ടിയിൽ പൂവത്തിരിച്ചാലിലെ അരുൺ- ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവരുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപയുടെ സഹായമാണ് എം എ യൂസഫലി പ്രഖ്യാപിച്ചത്.
മൂന്ന് കുരുന്നുകൾക്കും ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ചതോടെ 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സാ ദൗത്യത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുമ്പോഴാണ് യൂസഫലിയുടെ സഹായ പ്രഖ്യാപനം.
രാജ്യത്ത് ആദ്യമായാണ് ഒരുപ്രസവത്തിൽ ജനിച്ച മൂന്നുകുഞ്ഞുങ്ങൾക്ക് എസ്എംഎ –2 ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ഒരു വയസ്സും എട്ടുമാസവും പ്രായക്കാരാണ് കുട്ടികൾ. ശരീരത്തിലെ എസ്എംഎൻ പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശം സംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയും ചെയ്യുന്ന ഗുരുതരരോഗമാണിത്. സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ചലനശേഷി നഷ്ടമാകാം. ഇരിക്കാനും നടക്കാനും സാധിക്കാത്ത അവസ്ഥ വരും. ശ്വസനം, ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെയും ബാധിക്കാം. കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം, ഫെയ്സ്‌ബുക്ക് പ്രൊഫൈലുകളും ആരംഭിച്ചിട്ടുണ്ട്. ജനകീയ ധനസമാഹരണം ആറുദിവസം പിന്നിടുമ്പോൾ രണ്ടുകോടിയോളം രൂപ മാത്രമാണ് ലഭിച്ചത്. സഹായം അരുൺ പി ഡിയുടെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഓമശേരി ശാഖയിൽ ആരംഭിച്ച 21360100162505, IFSC : FDRL0002136 അക്കൗണ്ട് വഴി നൽകണം. ക്യൂആർ കോഡ് സ്കാൻ ചെയ്തും പണം അയക്കാം.








0 comments