ബോംബ് ഭീഷണിയിലും പതറിയില്ല; മുംബൈ വേദിയിൽ ആരാധകർക്ക് ആവേശമായി ദിൽജിത് ദോസഞ്ജ്

മുംബൈ: മുംബൈയിലെ സംഗീത പരിപാടിക്ക് മുന്നോടിയായി ബോംബ് ഭീഷണി മുഴക്കിയവർക്ക് മറുപടിയുമായി പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ്. സുരക്ഷാ ആശങ്കകൾക്കിടയിലും അല്പം പോലും പതറാതെ വേദിയിലെത്തിയ താരം, പരിപാടിയിലുടനീളം ആരാധകരുമായി സംവദിക്കുകയും സംഗീത വിരുന്നൊരുക്കുകയും ചെയ്തു.
"നിങ്ങൾ ബോംബ് എറിഞ്ഞാലും, തിരിച്ച് നിങ്ങൾക്ക് എന്നിൽ നിന്ന് സ്നേഹം മാത്രമേ ലഭിക്കൂ. നിങ്ങൾക്ക് എന്റെ സ്നേഹമുണ്ട്. ദിൽജിത്തിന്റെ ഷോയിലേക്ക് ആളുകൾ വരരുത്, അവർ ഭയപ്പെടണം, ഏതുവിധേനയും അവരെ തടയണം എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം"- അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ ആക്രമണങ്ങളുടെ കാലമാണ്, ഗ്രാമങ്ങളിലേക്ക് വരൂ ഇത് പേരയ്ക്കകളുടെ കാലമാണ് എന്ന അർഥം വരുന്ന കവിതാശകലവും അദ്ദേഹം ആലപിച്ചു. വേദിക്ക് പുറത്ത് നിരവധി ആരാധകർ ഇപ്പോഴും കാത്തുനിൽക്കുന്നുണ്ടെന്ന് പറഞ്ഞ താരം, കർശന സുരക്ഷാ പരിശോധനകൾ നടത്തി കാണികളെ സുരക്ഷിതമായി അകത്തേക്ക് പ്രവേശിപ്പിച്ച മുംബൈ പൊലീസിന് നന്ദി അറിയിച്ചു. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
മുംബൈ മേയർ ഋതു താവ്‌ഡെ, മുനിസിപ്പൽ കമ്മീഷണർ അശ്വിനി ഭിഡെ എന്നിവർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നത്. മേയറുടെ ഓഫീസ്, നടൻ അമിതാഭ് ബച്ചന്റെ വസതിയായ 'ജൽസ', മഹാലക്ഷ്മി റേസ്‌കോഴ്‌സ്, സയൺ, ആചാര്യ മെട്രോ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ദിൽജിത്തിന്റെ 'ഓറ ഇന്ത്യ ടൂർ 2026' പരിപാടിയുടെ മറ്റ് വേദികൾക്ക് മുന്നോടിയായും സമാനമായ ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.








0 comments