മണ്ണന്തല –പൗഡിക്കോണം – ശ്രീകാര്യം മാതൃകാ റോഡ് പ്രതിസന്ധിയിൽ
മറക്കരുത് മാതൃകാ റോഡിനെ

കഴക്കൂട്ടം
ഒരു നാടിന്റെ സ്വപ്‌നമായ മണ്ണന്തല പൗഡിക്കോണം ശ്രീകാര്യം മാതൃകാ റോഡ് നിർമാണം യുഡിഎഫ് സർക്കാർ കിഫ്ബിക്ക് താഴിടുന്നതോടെ പ്രതിസന്ധിയിൽ. കിഫ്‌ബി ഫണ്ടിൽ 182.37 കോടി രൂപ ചെലവിൽ 14 മീറ്റർ വീതിയിലും ഏഴ് കിലോമീറ്റർ നീളത്തിലും ബിഎം ബിസി നിലവാരത്തിലാണ് റോഡ് നിർമിക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും രണ്ടാംഘട്ടമായി പൗഡിക്കോണം സൊസൈറ്റി മുതൽ ശ്രീകാര്യംവരെ സ്ഥലം ഏറ്റെടുപ്പിന് 105.87 കോടിയും അനുവദിക്കുകയും ചെയ്‌തു. പൗഡിക്കോണം ജങ്ഷൻ മുതൽ മുക്കിൽക്കടവരെ പ്രാരംഭഘട്ട പ്രവൃത്തിയും നടന്നു. എംസി റോഡിനും ദേശീയപാതയ്ക്കും മധ്യത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമാണം പൂർത്തിയാകുന്നതിലൂടെ കഴക്കൂട്ടം ടെക്നോപാർക്ക്, വിഎസ്എസ്‌സി, ഐഎസ്ആർഒ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിലേക്കുള്ള ഇടനാഴിയായി മാറുമായിരുന്ന പദ്ധതിയാണ് യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കഴക്കൂട്ടം മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആവിഷ്കരിച്ച പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പ്രത്യേക രാഷ്ട്രീയ താൽപ്പര്യത്തോടെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും പദ്ധതിക്ക് വീണ്ടും ജീവൻ വയ്‌പ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു.









0 comments