ad
Deshabhimani

എല്ലാം യുഡിഎഫ് സർക്കാർ ഒത്താശയിൽ

ക്രിമിനൽ ക‍ൗൺസിലർക്ക്‌ ജയിലിൽ സത്യപ്രതിജ്ഞ

കാപ്പ കേസിൽ ജയിലിലടച്ച തിരുവനന്തപുരം കോർപറേഷൻ ക‍ൗൺസിലർ ആർ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഒപ്പുവയ്ക്കുന്നു. സത്യവാചകം ചൊല്ലിക്കൊടുത്ത മേയർ വി വി രാജേഷ്‌ സമീപം

കാപ്പ കേസിൽ ജയിലിലടച്ച തിരുവനന്തപുരം കോർപറേഷൻ ക‍ൗൺസിലർ ആർ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഒപ്പുവയ്ക്കുന്നു. സത്യവാചകം ചൊല്ലിക്കൊടുത്ത മേയർ വി വി രാജേഷ്‌ സമീപം

വെബ് ഡെസ്ക്

Published on Jul 15, 2026, 12:14 AM | 2 min read

സ്വന്തം ലേഖകൻ

തൃശൂർ

കാപ്പ കേസ്‌ പ്രതിയായ ബിജെപി ക‍ൗൺസിലർക്ക്‌ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ക‍ൗൺസിലർ ആർ സുഗതനാണ്‌ തിങ്കളാഴ്‌ച വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്‌തത്‌. കേരളത്തിലെ ആദ്യത്തെ സംഭവമാണിത്‌. ക്രിമിനൽകേസിൽ തടവിലാക്കപ്പെട്ടയാൾക്ക്‌ ജയിയിൽ അവസരമൊരുക്കുന്നത്‌ ഇന്ത്യയിൽതന്നെ അപൂർവമാണ്‌. ഹൈക്കോടതി നിർദേശപ്രകാരമാണ്‌ നടപടി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയ ബിജെപി ഭരണം നിലനിർത്താനുള്ള പെടാപ്പാടിലാണ്‌. അതുകൊണ്ടാണ്‌ കൊടുംക്രിമിനലായ ക‍ൗൺസിലർക്കുവേണ്ടി നിയമപോരാട്ടം നടത്തി ജയിനുള്ളിലും സത്യപ്രതിജ്ഞയ്‌ക്ക്‌ അവസരമൊരുക്കാനായി അപേക്ഷിച്ചത്‌. ഇതിന്‌ യുഡിഎഫ്‌ സർക്കാരും ഒത്താശ ചെയ്തു. ചൊവ്വ പകൽ 11ന്‌ ജയിൽ ലൈബ്രറിഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മേയർ വി വി രാജേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാർ ചട്ടംലംഘിച്ച്‌ ബലിദാനികളുടെയും മറ്റും പേരിൽ നടത്തിയ സത്യപ്രതിജ്ഞ എൽഡിഎഫിന്റെ പരാതിയെത്തുടർന്ന്‌ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന്‌ കോടതി നിർദേശിച്ചെങ്കിലും ജയിലിലായ സുഗതന്‌ അവസരം ലഭിച്ചിരുന്നില്ല.


നാണംകെട്ട്‌ ബിജെപി

തിരുവനന്തപുരം

ക്രിമിനൽ ക‍ൗൺസിലറെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യിച്ചതിലൂടെ ‘തങ്ങൾ വിജയിച്ചു’ എന്നു പ്രചരിപ്പിക്കുന്ന ബിജെപി ജനങ്ങൾക്കുമുന്നിൽ അപഹാസ്യരായി. കേരളത്തിൽ ആദ്യമായി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്‌ത ജനപ്രതിനിധിയുടെ പാർടിയെന്ന ദുഷ്‌പേരാണ്‌ ബിജെപിക്ക്‌ ഇതിലൂടെ സ്വന്തമായത്‌. ഒപ്പം ക്രിമിനൽകേസ്‌ പ്രതിയെ സംരക്ഷിച്ച്‌, ഭരണം നിലനിർത്തുന്ന പാർടിയെന്ന അപഖ്യാതിയും. സുഗതനെ ജയിലിൽനിന്നിറക്കി, കോർപറേഷനിലെത്തിച്ച്‌ സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന്‌ ബിജെപി നേതാക്കൾ വെല്ലുവിളിച്ചിരുന്നു. പക്ഷേ നിയമം വിലയ്‌ക്കുവാങ്ങാൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ ഒത്താശ ചെയ്‌തില്ലായിരുന്നെങ്കിൽ ഭരണം തന്നെ പ്രതിസന്ധിയിലായേനെ. ഒരു മേയർ ഒ‍ൗദ്യോഗിക വസ്‌ത്രമിട്ട്‌ ജയിലിൽ കാത്തിരിക്കുന്നത്‌ കേരളം ആദ്യമായി കണ്ടു. ഒരു സത്യപ്രതിജ്ഞാവേദിയിൽ ജയിൽ അധികൃതർ കാവലിരിക്കുന്നതും മലയാളികൾക്ക്‌ പുതിയ കാഴ്‌ച. സത്യപ്രതിജ്ഞ ചെയ്യേണ്ട ജനപ്രതിനിധിയുടെ കേസും ശിക്ഷയും ഉൾപ്പെടെ വിളിച്ചുപറഞ്ഞ്‌ ക്ഷണിക്കുന്നതും ആദ്യത്തെ കാഴ്‌ച. സത്യപ്രതിജ്ഞയ്‌ക്കായി സെല്ലിൽനിന്നിറക്കിയ സുഗതനെ ചടങ്ങ്‌ അവസാനിച്ചയുടൻ തിരിച്ചുകൊണ്ടുപോയി. മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അധ്യക്ഷരുമുൾപ്പെടെ തലസ്ഥാനത്തുനിന്ന്‌ വന്പൻ പടതന്നെ വിയ്യൂർ ജയിലിലെത്തി. ഇവരോടൊന്നും സംസാരിക്കാൻ സുഗതനെ ജയിൽ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.


ക‍ൗൺസിലറില്ലാതെ വാഴോട്ടുകോണം

ബിജെപി ഭരണം തുലാസിൽ

തിരുവനന്തപുരം

ബിജെപി ക‍ൗൺസിലർ ആർ സുഗതൻ ആറുമാസത്തേക്ക്‌ പുറത്തിറങ്ങില്ലെന്നുറപ്പായതോടെ കോർപറേഷനിലെ ബിജെപി ഭരണം തുലാസിലായി. 51 അംഗങ്ങളുടെ പിൻബലത്തിൽ ഭരിക്കുന്ന ബിജെപിക്ക്‌ സുഗതന്റെ ക‍ൗൺസിലർസ്ഥാനം നിലനിർത്തേണ്ടത്‌ അത്യാവശ്യമായിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള അവരുടെ നീക്കങ്ങൾക്ക്‌ സംസ്ഥാന സർക്കാർ ഒത്താശ ചെയ്‌തതോടെ ഒരു കടന്പ കടക്കാനായി. ആറുമാസം ജയിലിൽ കഴിയണമെന്ന്‌ കാപ്പ ബോർഡ്‌ നിർദേശിച്ചതോടെ ഇനിയുള്ള ക‍ൗൺസിൽ യോഗങ്ങളിൽ സുഗതന്‌ പങ്കെടുക്കാനാകില്ല. ഇതോടെ ഇയാൾ അയോഗ്യനാകുമെന്ന്‌ ഉറപ്പായിരിക്കുകയാണ്‌. ക‍ൗൺസിൽ വിളിക്കാതെ നീട്ടിക്കൊണ്ടുപോകാൻ ബിജെപി പരിശ്രമിക്കുന്നുണ്ട്‌. അങ്ങനെയെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്ന്‌ എൽഡിഎഫ്‌ മുന്നറിയിപ്പും നൽകിയിട്ടുണ്ട്‌. ഇതോടെ ബിജെപിക്ക്‌ സമാധാനമായി ഭരിക്കാനാകില്ലെന്നുറപ്പായി. ക‍ൗൺസിലറായശേഷവും സുഗതൻ നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതോടെ വാഴോട്ടുകോണം വാർഡിലെ ജനങ്ങൾക്ക്‌ ഇയാളെ സമീപിക്കാൻ ഭയമായിരുന്നു. ആറുമാസത്തിനിടയിൽ നിരവധിതവണ ഒളിവിൽ പോകുകയും കാപ്പ കേസിൽ ജയിലിലാകുകയും ചെയ്‌തതോടെ ക‍ൗൺസിലറുടെ ഒപ്പുപോലും വാങ്ങാനാകാത്ത അവസ്ഥയിലായി നാട്ടുകാർ. സുഗതനില്ലെങ്കിലും എല്ലാം താൻ നോക്കിക്കോളാം എന്നാണ്‌ മേയർ വി വി രാജേഷ്‌ പറയുന്നത്‌. ദിവസവും പകൽ മൂന്നിനുശേഷംമാത്രം സന്ദർശകരെ കാണുന്ന മേയറാണ്‌ വി വി രാജേഷ്‌. ഇ‍ൗ സാഹചര്യത്തിൽ തങ്ങൾ എന്തുചെയ്യുമെന്ന ചോദ്യം ഉയർത്തുകയാണ്‌ വാഴോട്ടുകോണത്തെ ജനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home