ആന്റണി രാജുവിനെ ആക്രമിക്കാൻ കോൺഗ്രസ് ശ്രമം

നെടുമങ്ങാട്
കോടതിവിധി കേൾക്കാനെത്തിയ ആന്റണി രാജുവിനെ ആക്രമിക്കാൻ ശ്രമിച്ച് കോൺഗ്രസുകാർ. ശനി വൈകിട്ട് നെടുമങ്ങാട് കോടതി വളപ്പിലും പരിസരത്തും തടിച്ചുകൂടിയ കോൺഗ്രസുകാർ ആന്റണി രാജുവിന് ജാമ്യം അനുവദിച്ചുവെന്ന വിവരം അറിഞ്ഞതോടെ അക്രമാസക്തരായി. ശനി പകൽത്തന്നെ കോൺഗ്രസ് നേതാവ് തേക്കട അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോടതി വളപ്പിൽ തമ്പടിച്ചിരുന്നു. കോടതി നടപടികൾക്ക് തടസ്സമുണ്ടാക്കുംവിധം ഇവർ ബഹളംവച്ചപ്പോൾ പൊലീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് അഞ്ചോടെയാണ് വിധി പ്രഖ്യാപിച്ചത്. മൂന്നുവർഷം തടവും ഒപ്പം ജാമ്യവും അനുവദിച്ചു. ഇതോടെയാണ് കോൺഗ്രസ് സംഘം കോടതി വളപ്പിനെ സംഘർഷഭരിതമാക്കിയത്. ഇവർ അലറിവിളിച്ച് കോടതിക്കുമുന്നിലൂടെ പരക്കം പാഞ്ഞു. നടപടികൾ പൂർത്തിയാക്കി മടങ്ങാൻ കോടതിയിൽ തങ്ങിയ ആന്റണി രാജു എംഎൽഎയെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് കോടതിക്കുനേരേ വെല്ലുവിളി ഉതിർത്തുകൊണ്ടിരുന്നു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു. വടിയും കല്ലുകളുമായി ഒരുസംഘം കോടതി വളപ്പിലേക്ക് തള്ളിക്കയറി. ഇവരെ പൊലീസ് ഇടപെട്ട് പുറത്താക്കി. വൈകിട്ട് 5.30ഓടെ ജാമ്യംനേടി ഒന്നാം പ്രതിയായ ജോസ് പുറത്തേക്കുപോയി. ഒരാളും പ്രതിഷേധിച്ചില്ല. ആന്റണി രാജു പുറത്തിറങ്ങിയപ്പോൾ മാത്രമായിരുന്നു ഇവരുടെ പരാക്രമം. പൊലീസ് ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ കാറിൽക്കയറ്റിയത്. വലിയൊരു സംഘം കാറിനുനേരേ പാഞ്ഞടുത്തു. പൊലീസ് ലാത്തിവീശി അക്രമികളെ തുരത്തുകയായിരുന്നു.










0 comments