തേങ്ങ തമിഴ്നാട്ടില്‍നിന്ന്, തെങ്ങ് വെട്ടി തമിഴ്നാട്ടിലേക്ക്

തമിഴ്നാട്ടിലേക്ക് തെങ്ങിന്‍തടിയുമായി പോകുന്ന ലോറി
പാറശാല
തെങ്ങുവളര്‍ത്തല്‍ നഷ്ടമാണെന്ന വിലയിരുത്തലില്‍ ഗ്രാമപ്രദേശങ്ങളിലെ തെങ്ങുകള്‍ വ്യാപകമായി വെട്ടിമാറ്റുന്നു. ഇത്തരത്തില്‍ വെട്ടുന്ന തെങ്ങുകള്‍ വാങ്ങാന്‍ തമിഴ്നാട്ടില്‍നിന്നുള്ള സംഘങ്ങളും സജീവമാണ്. മാസങ്ങളായി തെങ്ങിന്‍തടികളുമായി അതിര്‍ത്തി കടക്കുന്ന ലോറികളാണ് അതിര്‍ത്തിയിലെ സ്ഥിരം കാഴ്ച. തെങ്ങ് വാങ്ങി നൽകാന്‍ ഇടനിലക്കാരും അതിർത്തി ഗ്രാമങ്ങളില്‍ സജീവമാണ്. തുച്ഛമായ വിലയ്ക്ക് കേരളത്തില്‍നിന്ന് വാങ്ങുന്ന തെങ്ങിന്‍തടികൾക്ക് തമിഴ്‌നാട്ടില്‍ വന്‍ ഡിമാന്‍ഡാണ്. കളിമൺ ചൂളകളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യകതയുള്ളത്. അതേസമയം തമിഴ്നാട്ടില്‍നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം തേങ്ങയും കരിക്കും കയറ്റി അയക്കുന്നത്. കൂടാതെ വിവിധ ബ്രാൻഡുകളിലായി ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയും വ്യാപകമായി കേരള വിപണിയിൽ എത്തുന്നുണ്ട്. ഇത് കണ്ടെത്താന്‍ പ്രത്യേക സ്ക്വാഡിന്റെ പരിശോധനമുമ്പ് നടക്കാറുണ്ടായിരുന്നു. തെങ്ങിന്‍തോപ്പുകളും പുരയിടങ്ങളും റിയൽ എസ്റ്റേറ്റ് മാഫിയകൾ തുച്ഛ വിലക്ക് വാങ്ങി ഇരട്ടി വിലയ്ക്ക് വിൽക്കുന്നുണ്ട്. തെങ്ങുകളിൽനിന്നുള്ള ആദായം കുറയുന്നു, മണ്ഡരിപോലുള്ള രോഗബാധ, തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമാണ് പലരും വലിയ തോട്ടങ്ങളിലെ തെങ്ങുകള്‍ പൂര്‍ണമായും വെട്ടിമാറ്റി മറ്റ് കൃ-ഷികളിലേക്ക് തിരിയുന്നത്. വർഷങ്ങൾക്കുമുമ്പ് തേങ്ങയ്ക്ക് വിലയിടിഞ്ഞപ്പോള്‍ കർഷകർ തെങ്ങുകൾ വെട്ടിമാറ്റി റബർ വച്ചുപിടിപ്പിച്ചിരുന്നു. പിന്നീട് റബറിന് വിലയിടിഞ്ഞ് തേങ്ങയ്ക്ക് വില കൂടിയപ്പോൾ കർഷകർക്ക് ഇരുട്ടടിയായി. കർഷകർക്ക് ന്യായവില ലഭ്യമാക്കാന്‍ അധികൃതർ നടപടി സ്വീകരിക്കുന്നില്ലായെന്ന് ആക്ഷേപവും ശക്തമാണ്.









0 comments