ഓണാഘോഷത്തിനിടെ ലഹരിസംഘത്തിന്റെ ആക്രമണം; നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു

മംഗലാപുരം: ഓണാഘോഷത്തിനിടെ ലഹരിസംഘത്തിന്റെ ആക്രമണം. നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈലാത്തു കോണം ഗവ. എൽപി എസിനു മുന്നിൽ വ്യാഴം രാത്രി 12 മണിയോടെയാണ് സംഭവം. പ്രദേശത്തെ ക്ലബ്ലിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടിക്ക് എത്തിയ സംഘം കൂകി വിളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. തുടർന്ന് സംഘാടകരെത്തി സംഘത്തെ തടയുകയും പറഞ്ഞയക്കുകയും ചെയ്തു. തുടർന്ന് കാറിലും ബൈക്കിലുമായി തിരിച്ചെത്തിയ സംഘം സംഘാടക സമിതിയിലെ നാലു പേരെ വെട്ടി പരിക്കേൽപ്പിക്കയായിരുന്നു.
സ്ഥലത്ത് പാർക്കു ചെയ്തിരുന്നു ഏഴോളം ബൈക്കുകളും രണ്ടു കാറും അക്രമികൾ അടിച്ചു തകർത്തു. വെട്ടുകത്തി, വടിവാൾ,പൈപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ദീപു, ഉണ്ണി, അനൂപ്, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ ഉണ്ണിയുടെ തലയോട്ടി തകർന്നു. ഇയാൾ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം നാട്ടുകാർക്കെതിരെയും തിരിഞ്ഞു.
ഭയന്നോടിയ ചില സ്ത്രീകളും കുട്ടികൾക്കും നിലത്തുവീണു പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറക്കട അമ്പാടി നിവാസിൽ ശ്രീജിത്ത് (19), ആലപ്പുറം കുന്ന് ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (25), കൈലാത്തു കോണം വിഎസ് നിവാസിൽ മിഥുൻ (19) എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനന നടത്തി. പിടിയിലായ പ്രതികൾ ലഹരി സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പങ്കെടുത്ത 15 ഓളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.









0 comments