വരുന്നൂ... വർക്കലയിൽ ബൈപാസ്

വർക്കല ബൈപാസിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു
സുധീർ വർക്കല
Published on Nov 06, 2025, 12:00 AM | 1 min read
വർക്കല
വർക്കല ടൗണിലെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും പരിഹാരമായുള്ള വർക്കല ബൈപാസ് യാഥാർഥ്യത്തിലേക്ക്. നിർമാണം ഉടൻ ആരംഭിക്കും. ശിവഗിരി ജങ്ഷനിൽനിന്ന് ആരംഭിച്ച് കല്ലംകോണം കണ്ണംബ റോഡിൽ എത്തുന്നതാണ് ബൈപാസ്. ഒന്നര കിലോമീറ്റർ റോഡിന് 29.51 കോടി രൂപയാണ് പദ്ധതിച്ചെലവ്. 20 കോടി രൂപ നൽകി 105 പേരിൽനിന്നായി 519.179 സെന്റ് ഏറ്റെടുത്തു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ പദ്ധതിക്കാണ് തടസ്സങ്ങൾ നീങ്ങിയത്. പദ്ധതിപ്രദേശത്തെ മരങ്ങളും കെട്ടിടങ്ങളും കഴിഞ്ഞ ചൊവ്വമുതൽ നീക്കിത്തുടങ്ങി. ബൈപാസ് യാഥാർഥ്യമായാൽ പാളയംകുന്ന്, ഊന്നിൻമൂട്, അയിരൂർ, വെൺകുളം, കരുനിലക്കോട്, പുല്ലാന്നികോട്, കണ്ണംബ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് റെയിൽവേ ഗേറ്റുകളിൽ കാത്തുകിടക്കാതെ ടൗണിലെത്താം. മട്ടിൻമൂട്, പുത്തൻചന്തവഴി പോകാനും കല്ലമ്പലം, കടയ്ക്കാവൂർ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ടൗണിലെത്താതെ പാരിപ്പള്ളി റോഡിലേക്ക് പോകാനുമാകും. മൈതാനം റെയിൽവേ ഗേറ്റ് അടച്ചതോടെ റെയിൽവേ ലൈനിനു കിഴക്കുഭാഗത്തെ 11 മുതൽ 14 വരെ വാർഡുകളിലുള്ളവർക്ക് യാത്രാസൗകര്യമില്ലാത്ത അവസ്ഥയായി. റെയിൽവേ വികസനം വരുമ്പോൾ ഗുഡ്ഷെഡ് റോഡ് ഇല്ലാതായാൽ ഇവരുടെ സഞ്ചാരത്തിനും തടസ്സമാകും. 1998-ൽ നിർദിഷ്ട ബൈപാസ് റോഡിനായി സ്ഥലം അളന്ന് സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. പിന്നീടാണ് വിവിധ കാരണങ്ങളാൽ നിർമാണം വൈകിയത്. പ്രദേശവാസികൾ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. 2021ൽ സ്ഥലം വർക്കല വില്ലേജിലെ 85 സർവേ നമ്പരുകളിലായി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാൻ റവന്യുവകുപ്പ് ഉത്തരവിട്ടു. 2022ൽ സാമൂഹിക പ്രത്യാഘാതപഠനവും നടത്തി. പ്ലാനറ്റ് കേരള സമർപ്പിച്ച പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്‌ധസമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്.
നിർമാണം ഉടൻ തുടങ്ങും
ഒന്പതുവർഷത്തെ പരിശ്രമത്തിലൂടെയാണ് റോഡിനായുള്ള തടസ്സങ്ങൾ നീക്കിയത്. സമയബന്ധിതമായി പൂർത്തിയാക്കുന്നതോടെ വർക്കല ടൗണിലെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകും.
വി ജോയി എംഎൽഎ
‘‘വർക്കല നിവാസികളുടെ സ്വപ്‌നപദ്ധതിയാണ് ബൈപാസ്. റോഡ് യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്.’’
സജി ഭുവനചന്ദ്രൻ (പ്രദേശവാസി)










0 comments