കത്രികകൊണ്ട് കഴുത്തിൽ മുറിവേറ്റ ബാലന് പുതുജീവൻ

തിരുവനന്തപുരം : കത്രികകൊണ്ട് കഴുത്തിന് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ നാലുവയസ്സുകാരന് സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംസ്ഹെൽത്ത്. വീട്ടിൽ പേപ്പർ ക്രാഫ്റ്റുകൾ നിർമിക്കുന്നതിനിടെ കത്രികകൊണ്ട് കഴുത്തിലെ പ്രധാന രക്തധമനി മുറിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇടത് കോളർ ബോണിന് സമീപമുള്ള പ്രധാന രക്തധമനി പൂർണമായും മുറിഞ്ഞു. കുട്ടിയുടെ ഇടത് കൈയിലേക്കുള്ള രക്തപ്രവാഹവും നിലച്ചിരുന്നു. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വി സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള സംഘം
രണ്ട് മണിക്കൂർ നീണ്ട വാസ്കുലർ ശസ്ത്രക്രിയയിലൂടെ കൈയിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചു. മറ്റ് സുപ്രധാന നാഡികൾക്ക് പരിക്കേൽക്കാതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. ഷാജി പാലങ്ങാടൻ, ഡോ. എസ് സുഭാഷ് എന്നിവരും ശസ്‌ത്രക്രിയയിൽ പങ്കെടുത്തു. രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി പൂർണ ആരോഗ്യവാനായി ഒരാഴ്ചയ്ക്കുശേഷം ആശുപത്രി വിട്ടു.










0 comments