കുഞ്ഞ് ധ്രിയ വീട്ടിലേക്ക്, പൂർണ്ണ ആരോഗ്യവതിയായി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവിൽ നിന്ന് പുതുജീവൻ

തിരുവനന്തപുരം: ജന്മനാ ബാധിച്ച ഗുരുതരമായ കരൾ രോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിൽ നിന്നാണ് ധ്രിയ കരൾ സ്വീകരിച്ചത്.
പിത്തനാളികളിലെ തടസ്സം മൂലം പിത്തരസം കരളിൽ നിന്ന് പുറത്തേക്ക് ഒഴുകാൻ കഴിയാത്ത 'ബിലിയറി അത്രേസിയ' (Biliary Atresia) എന്ന അവസ്ഥയിലായിരുന്നു ധ്രിയ. നേരത്തെ മറ്റൊരു ആശുപത്രിയിൽ 'കസായ്' ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും പിന്നീട് പോർട്ടൽ ഹൈപ്പർടെൻഷൻ ഉൾപ്പെടെയുള്ള സങ്കീർണ്ണതകൾ കുഞ്ഞിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി കിംസ്‌ഹെൽത്തിലേക്ക് മാറ്റിയത്. കരൾ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം.
കിംസ്‌ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവി ഡോ. ഷിറാസ് അഹമ്മദ് റാഥർ, സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് നടന്നത്. ദാതാവിന്റെയും സ്വീകർത്താവിന്റെയും പ്രായം കണക്കിലെടുക്കുമ്പോൾ വലിയ വെല്ലുവിളിയായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടർമാർ പറഞ്ഞു.
ശസ്ത്രക്രിയയെത്തുടർന്ന് കുഞ്ഞിന്റെ കരൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങി. ഡോ. വർഗീസ് എൽദോ, ഡോ. ഹാഷിർ എ, ഡോ. പ്രിജിത്ത് ആർ എസ്, ഡോ. അഭിജിത്ത് ഉത്തമൻ, ഡോ. മധു ശശിധരൻ, ഡോ. അനു കെ വാസു, ഡോ. മനീഷ് കുമാർ യാദവ്, ഡോ. മനോജ് കെ എസ്, ഡോ. ഷിജു കുമാർ സി എന്നിവരടങ്ങുന്ന വിപുലമായ മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.










0 comments