സോണിക്ക് സഹപ്രവർത്തകരുടെ "വാട്ടർ സല്യൂട്ട്’
എന്നും സേവന സന്നദ്ധൻ

സോണി എസ് കുമാറിന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ അന്ത്യാഞ്ജലി അർപ്പിക്കുന്നു
ജി രംഗനാഥൻ
Published on Oct 14, 2025, 12:00 AM | 1 min read
കൊട്ടാരക്കര
അഗ്നിരക്ഷാ സേനയിൽ തികഞ്ഞ അർപ്പണ മനോഭാവം പുലർത്തിയിരുന്ന സോണി എസ് കുമാറിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ഞായർ രാത്രി ഓഫീസിൽനിന്നുള്ള വിളിയെത്തുടർന്ന് ഭാര്യ അശ്വതിയോടും മകൾ മൂന്നുവയസ്സുകാരി ഹൃദ്യയോടും ഉടൻ വരുമെന്ന് പറഞ്ഞിറങ്ങിയ സോണിയുടെ വിയോഗ വാർത്തയാണ് രണ്ടുമണിക്കൂറിനുശേഷം എത്തിയത്. ഞായർ രാത്രി മഴയിൽ ഇഞ്ചക്കാട്ടെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്താനെത്തിയ സംഘത്തിൽ സോണിയുണ്ടായിരുന്നു. ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് ആനക്കോട്ടൂരിൽ യുവതി കിണറ്റിൽ ചാടിയ സന്ദേശം എത്തിയത്. ശക്തമായ മഴ അവഗണിച്ച് യുവതിയെ രക്ഷിക്കാൻ സോണി ആഴമുള്ള കിണറിലേക്ക് ഇറങ്ങി. യുവതിയെ കയറ്റിയശേഷം പിന്നാലെ കയറുന്നതിനിടെയാണ് കിണറിന്റെ കൈവരിയിടിഞ്ഞത്. എറണാകുളം ഏലൂരിൽനിന്ന് 2022ൽ സ്ഥലംമാറി കൊട്ടാരക്കരയിൽ എത്തിയ നാൾ മുതൽ അപകടഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ എപ്പോഴും മുന്നിലായിരുന്നു. വലിയ സൗഹൃദത്തിന്റെ ഉടമയായ സോണിയുടെ മൃതദേഹം കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിരവധിപേരാണ് അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയത്. സഹപ്രവർത്തകർ "വാട്ടർ സല്യൂട്ട്’ നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം പകൽ രണ്ടരയോടെയാണ് സോണിയുടെ മൃതദേഹം മുദാക്കൽ ഇളമ്പയിൽ എത്തിച്ചത്. സോണി പഠിച്ച ഇളമ്പ ഹയർ സെക്കൻഡറി സ്കൂളിൽ വൻ ജനാവലിയാണ് സോണിയെ ഒരു നോക്ക് കാണാനെത്തിയത്. വി ശശി എംഎൽഎ, ഒ എസ് അംബിക എംഎൽഎ, തദ്ദേശ സ്ഥാപന മേധാവികൾ, അഗ്‌നിരക്ഷാസേന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് നൂറുകണക്കിനാളുകൾ വീട്ടിലും അന്ത്യാഞ്ജലി അർപ്പിച്ചു. നാട്ടിൽ യുവജന സംഘടനാ പ്രവർത്തകൻകൂടിയായ സോണി നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു. ജോലി കിട്ടിയശേഷവും സേവന പ്രവർത്തന രംഗത്തുനിന്ന് പിന്നോട്ട് പോയിട്ടില്ല.










0 comments