Deshabhimani

കച്ചവടം സുഗമമാക്കാൻ മേയറുടെയും സംഘത്തിന്റെയും വളഞ്ഞവഴി

അജൻഡകൾ കുന്നോളം
പാസാക്കാൻ നിമിഷങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം

അഞ്ച്‌ മിനിറ്റിൽ എഴുനൂറോളം അജൻഡ പാസാക്കിയ യോഗത്തിനു പിന്നാലെ 45 ദിവസത്തിനുശേഷം ചേർന്ന ക‍ൗൺസിലിലും "അജൻഡ പാസാക്കൽ മാരത്തൺ'. അറുനൂറോളം അജൻഡകളാണ്‌ ഇത്തവണ കാര്യമായ ചർച്ചപോലുമില്ലാതെ പാസാക്കിയത്‌. കോർപറേഷൻ ക‍ൗൺസിൽ വിളിക്കാൻ അനാവശ്യ കാലതാമസം സൃഷ്ടിക്കുന്നത്‌ തന്ത്രമാക്കിയെടുത്തിരിക്കുകയാണ്‌ ബിജെപി ഭരണസമിതി. അംഗങ്ങൾക്ക്‌ വായിച്ചുനോക്കാൻപോലും സമയം നൽകാതെ അജൻഡകൾ നൽകുകയും ചർച്ചയ്‌ക്ക്‌ അവസരം നൽകാതെ പാസാക്കുകയുമാണ്‌ പതിവ്‌. യോഗത്തിന്‌ തൊട്ടുമുന്പ്‌ ഇത്രയും അജൻഡകൾ അടിച്ചേൽപ്പിക്കുന്നതിനെ എൽഡിഎഫ്‌ അംഗങ്ങൾ ചോദ്യം ചെയ്‌തെങ്കിലും മേയർ ചർച്ചയ്‌ക്ക്‌ അവസരം നൽകിയില്ല. ശനി പകൽ 2.30ന്‌ ആണ്‌ ക‍ൗൺസിൽ ആരംഭിച്ചത്‌. പ്രതിപക്ഷ അംഗങ്ങൾക്ക്‌ മൈക്ക്‌ നൽകാതെ, ഭരണപക്ഷക്കാർക്കുമാത്രം മൈക്ക്‌ നൽകി, ഇഷ്‌ടംപോലെ സംസാരിക്കാൻ അവസരം നൽകുന്നതാണ്‌ മേയറുടെ പതിവ്‌. പ്രതിപക്ഷം പ്രതിഷേധിക്കുന്പോൾ അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിക്കും. തെരുവുനായ പ്രശ്നം, മാലിന്യപ്രശ്നം, നഗരസഭയിലെ ഭരണസ്തംഭനം, കൗൺസിലറുടെ വ്യാജ ഒപ്പ്, റോഡുകളുടെ ശോചനീയാവസ്ഥ, പകർച്ചവ്യാധികൾ, മേയർ കെയർ ഫണ്ടുപിരിവ്‌ തുടങ്ങി ചർച്ച ചെയ്യണമെന്ന്‌ അംഗങ്ങൾ നിരന്തരം ആവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നും ചർച്ച അനുവദിക്കാറില്ല.മേയർ കെയർ പദ്ധതിയിലെ അഴിമതി മറച്ചുവയ്ക്കാൻ തട്ടിക്കൂട്ട് സൊസൈറ്റി രൂപീകരിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക് പറഞ്ഞു. സൊസൈറ്റി രൂപീകരണത്തിനുള്ള അജൻഡ മാറ്റിവച്ച്‌, ചർച്ചകൾക്കുശേഷം പാസാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം മേയർ തള്ളി. ജനകീയവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്‌ ക‍ൗൺസിലുകൾ വിളിച്ചുചേർക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന്‌ ആർ പി ശിവജി ആവശ്യപ്പെട്ടു. ബിജെപിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള അജൻഡകൾ കുത്തിനിറച്ച്‌, ഒറ്റയടിക്ക്‌ പാസാക്കിയതായി പ്രഖ്യാപിക്കുകയാണെന്ന്‌ കെ ശ്രീകുമാർ പറഞ്ഞു. വഞ്ചിയൂർ പി ബാബു, സിന്ധു ശശി തുടങ്ങിയവർ സംസാരിച്ചു. ബിജെപിയോടുള്ള അതൃപ്‌തി വെളിപ്പെടുത്തി രാജിനാടകം ഉൾപ്പെടെ നടത്തിയ ആർ ശ്രീലേഖ ക‍ൗൺസിൽ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. അവധി അപേക്ഷ നൽകിയിട്ടുണ്ട്‌ എന്നാണ്‌ അറിയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home