വാമനപുരം മണ്ഡലത്തിൽ 33.07 കോടിയുടെ വികസനംകൂടി

വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ച ഒമ്പത് പ്രവൃത്തിക്കുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു. മൂന്ന് കോടി രൂപയില്‍ നിർമിക്കുന്ന പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം പാലത്തിന്റെ ഇ-–ടെൻഡറിൽ ഈ മാസം 26 വരെ പങ്കെടുക്കാം. ഒമ്പത് കോടി രൂപയ്ക്ക് അനുമതിയായ ബിഎംബിസി നിലവാരത്തിലെ പൂലോട് എക്സ് സർവീസ്മെൻ കോളനി റോഡിന് മാർച്ച് ആറുവരെയും 2.5 കോടി രൂപയുടെ പുല്ലമ്പാറ സിഎച്ച്സി കെട്ടിടത്തിന്റെയും 65 ലക്ഷം രൂപ അധികമായി അനുവദിച്ച് നിർമാണം പൂർത്തീകരിക്കുന്ന വെഞ്ഞാറമൂട് ഫയർസ്റ്റേഷൻ കെട്ടിടത്തിന്റെയും ടെൻഡർ മാർച്ച് മൂന്നുവരെയുമാണ്. നവകേരള സദസ്സിലെ ശുപാർശപ്രകാരം ഏഴ് കോടി രൂപ അനുവദിച്ച പുല്ലമ്പാറ നീറമൺകടവ് പാലം നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ട് കോടി രൂപയുടെ പനവൂർ തോട്ടുമുക്ക് പാലം,1.7 കോടി രൂപയുടെ ജവഹർ കോളനി പാലം, ഒരു കോടി രൂപയുടെ പാണയം അഗ്രോ സെന്റർ, ഒരു കോടി രൂപയുടെ പാലോട് പുതിയ ഫയർസ്റ്റേഷൻ കെട്ടിടം, 5.22 കോടി രൂപയുടെ (ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ) തെന്നൂർപാലം എന്നിവയുടെ ടെൻഡർ നടപടികളും പൊതുമരാമത്ത് വിഭാഗം ആരംഭിച്ചിട്ടുണ്ട്.










0 comments