ശ്രീകാര്യം–പാങ്ങപ്പാറ റോഡിൽ ദുരിതയാത്ര

ചെളിക്കുളമായ പാങ്ങപ്പാറ– ശ്രീകാര്യം റോഡ്
കഴക്കൂട്ടം
ശ്രീകാര്യം പാങ്ങപ്പാറ പിഡബ്ല്യുഡി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച ഭാഗങ്ങൾ അപകടക്കെണിയാകുന്നു. കുഴിയിൽപ്പെടാതെ വെട്ടിക്കുന്നതുമൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. മാങ്കുഴി ജങ്ഷൻമുതൽ പാങ്ങപ്പാറ ഹെൽത്ത് സെന്റർവരെ റോഡ് ചെളിക്കുളമായതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും തെന്നിമറിയുന്നതും പതിവാണ്. നാലുമാസത്തിലേറെയായിട്ടും പൈപ്പ് ലൈൻ സ്ഥാപിച്ചശേഷമുള്ള റോഡ് പുനർനിർമാണം പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ മധ്യഭാഗം കുഴിച്ചശേഷം പിന്നീട് ടാർ ചെയ്തെങ്കിലും ചില ഭാഗങ്ങൾ കൃത്യമായി നിരപ്പാക്കാത്തതാണ് ദുരവസ്ഥയ്‌ക്ക് കാരണം. അഞ്ചുദിവസംമുമ്പ് ഹെൽത്ത് സെന്ററിന് സമീപം സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഞായർ രാത്രി 9.30ഓടെ റോഡിലെ കുഴിയിൽപ്പെട്ടാണ് അപകടം. തലയ്ക്കും നെഞ്ചിനും കൈകാലുകൾക്കും പരിക്കേറ്റിരുന്നു. ചികിത്സ വൈകിയതായി പരാതി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവിനെ ഓട്ടോഡ്രൈവർമാരാണ് രാത്രി പത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അടിയന്തര ചികിത്സ ലഭിക്കാൻ രണ്ടര മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്ന് പിതാവ് പ്രദീപ് എമിലി ഫെയ്‌സ്ബുക്കിൽ കുറിച്ചു. രക്തസ്രാവമുണ്ടായ സാഹചര്യത്തിൽ ചികിത്സയ്ക്കായി കുടുംബം പലതവണ അഭ്യർഥിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടുപോകാൻ നിർദേശിച്ചതായും പിതാവ് പറയുന്നു. പിന്നീടാണ് ചികിത്സ നൽകിയത്. സംഭവത്തിൽ കുടുംബം പരാതിപ്പെട്ടെങ്കിലും ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.









0 comments