ഇലക്ട്രിക് ഹോട്ട് ബാഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനിടെ ഷോക്കേറ്റ് ഐടി എൻജിനീയർ മരിച്ചു

പ്രതീകാത്മക ചിത്രം
പൂനെ: ഇലക്ടിക് ഹോട്ട് ബാഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഐടി എൻജിനീയർക്ക് ദാരുണാന്ത്യം. 30 കാരനായ റോഹൻ കുബാഡി എന്നയാളാണ് മരിച്ചത്. പൂനെയിലെ വഡ്ഗാവ് ഷേരിയിലെ സോംനാഥ് നഗർ മേഖലയിലാണ് സംഭവം. റോഹൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി സോംനാഥ് നഗറിലെ അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു. യുവാവിനെ പുറത്ത് കാണാതായതോടെ സമീപവാസികൾ സംശയം പ്രകടിപ്പിച്ചു. രണ്ട് ദിവസത്തിനു ശേഷം അപ്പാർട്മെന്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
റോഹനെ പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ലെന്നും തുടർന്ന് മുറി തുറന്നു പരിശോധിച്ചപ്പോൾ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. കട്ടിലിനു സമീപം രക്തപാടുകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്. ഇലക്ട്രിക് ഹോട്ട് ബാഗിൽനിന്നേറ്റ വൈദ്യുതാഘാതമാണ് മരണത്തിന് കാരണമായതെന്നും, ചൊവ്വാഴ്ച മരണം സംഭവിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രഥമിക നിഗമനം. റോഹൻ അവിവാഹിതനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.







0 comments