Deshabhimani

print edition അരങ്ങിൽ ഐഎസ്‌എൽ: ആദ്യദിനം രണ്ട്‌ മത്സരങ്ങൾ

isl.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 07:19 AM | 2 min read

ബംഗളൂരു: അനിശ്‌ചിതത്വങ്ങൾ അവസാനിച്ചു. പരീക്ഷണകാലഘട്ടത്തിനുശേഷം പുത്തൻ പ്രതീക്ഷയുമായി ഐഎസ്‌എൽ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കമാകും. ഇന്ത്യയുടെ പ്രധാന ഫുട്‌ബോൾ ലീഗിന്റെ പതിമൂന്നാം സീസണാണ്‌. ആദ്യദിനം രണ്ട്‌ മത്സരങ്ങളാണ്‌. വൈകിട്ട്‌ അഞ്ചിന്‌ ബംഗളൂരു എഫ്സിയും സ്‌പോർടിങ്‌ ഡൽഹിയും ഏറ്റുമുട്ടും. രാത്രി 7.30ന്‌ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും തമ്മിലാണ്‌ രണ്ടാംകളി. നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്റർ കാശിയുമായി കളിക്കും.


സാന്പത്തിക പ്രതിസന്ധിയും കാണികളുടെ താൽപര്യക്കുറവും കാരണം ടൂർണമെന്റ്‌ ഇല്ലാതാകുമെന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ സീസൺ അവസാനിച്ചത്‌. ടീമുകൾ പലതും പ്രവർത്തനം നിർത്തി. പണമില്ലാതെ ക്ലബുകൾ പ്രതിസന്ധിയിലായി. അടച്ചുപൂട്ടലിന്റെ വക്കിൽനിന്നാണ്‌ ഇക്കുറി ഐഎസ്‌എൽ എത്തുന്നത്‌. ക്ലബുകളാണ്‌ ലീഗ്‌ നടത്തുന്നത്‌. പുതിയ തുടക്കം. ലീഗിൽ കളിക്കുന്ന 13 ടീമുകൾക്കാണ്‌ നടത്തിപ്പിന്റെയും വാണിജ്യകാര്യങ്ങളുടെയും ഉത്തരവാദിത്തം.


മൂന്ന്‌ വർഷത്തിനുശേഷമാണ്‌ ഐഎസ്‌എല്ലിന്‌ ഒരു സിഇഒ വരുന്നത്‌. ടൈറ്റിൽ സ്‌പോൺസർ വരുന്നതും മൂന്ന്‌ വർഷത്തിനുശേഷം. മത്സരങ്ങൾ തുടങ്ങുന്നതിന്‌ പത്ത്‌ ദിവസംമുന്പ്‌ മാത്രമാണ്‌ സംപ്രേക്ഷകരായി സോണി സ്‌പോർട്‌സിനെ ലഭിക്കുന്നത്‌. ഒരു സീസണിന്റെ ഇടവേളയ്‌ക്കുശേഷം ലീഗ്‌ പൂർണ രീതിയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌. സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലും ക്ലബുകൾക്ക്‌ മത്സരമുണ്ടാകും. പ്ലേ ഓഫ്‌ രീതിയും തിരിച്ചെത്തി.


ആകെ 13 ടീമുകളാണ്‌ രംഗത്ത്‌. നിലവിലെ ജേതാക്കളായ ഇ‍ൗസ്‌റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌, കേരള ബ്ലാസ്‌റ്റേഴ്‌സ്‌, മുംബൈ സിറ്റി എഫ്‌സി, ബംഗളൂരു എഫ്‌സി, പഞ്ചാബ്‌ എഫ്‌സി, നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി, ഒഡിഷ എഫ്‌സി‍, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ, സ്‌പോർടിങ്‌ ഡൽഹി, ഇന്റർ കാശി‍, ചർച്ചിൽ ബ്രദേഴ്‌സ്‌. പ്രവർത്തനം അവസാനിപ്പിച്ച ജംഷഡ്‌പുർ എഫ്‌സിയെ ഏറ്റെടുത്ത ചർച്ചിൽ ആദ്യമായാണ്‌ ഐഎസ്‌എൽ കളിക്കുന്നത്‌.


ആകെ 163 മത്സരങ്ങളാണ്‌. കഴിഞ്ഞ സീസണിൽ പ്ലേ ഓഫുണ്ടായിരുന്നില്ല. 14 ടീമുകളാണ്‌ ഇറങ്ങിയത്‌. ആകെ 91 മത്സരങ്ങളും. പോയിന്റ്‌ നിലയിൽ മുന്നിലെത്തി ഇ‍ൗസ്‌റ്റ്‌ ബംഗാൾ ജേതാക്കളായി. രണ്ട്‌ പതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചാണ്‌ കൊൽക്കത്തൻ വന്പൻമാർ കഴിഞ്ഞ സീസണിൽ കിരീടം ചൂടിയത്‌. ഇക്കുറിയും മികച്ച നിരയാണ്‌. അന്റോണിയോ ലോപെസ്‌ ഹബാസാണ്‌ പരിശീലകൻ. മുഹമ്മദ്‌ റാഷിദ്‌, ഡാനി റാമിറെസ്‌, ബിപിൻ സിങ്‌ എന്നിവർക്കൊപ്പം മലയാളി താരങ്ങളായ പി വി വിഷ്‌ണുവും ടി കെ ജെസിനും പന്ത്‌ തട്ടും.


ചിരവൈരികളായ മോഹൻ ബഗാനും പ്രതീക്ഷയിലാണ്‌. ഇ‍ൗസ്‌റ്റ്‌ ബംഗാളിനെ തോൽപ്പിച്ച്‌ കഴിഞ്ഞ ദിവസം ഐഎഫ്‌എൽ ഷ‍ീൽഡ്‌ ബഗാൻ സ്വന്തമാക്കിയിരുന്നു. ലല്ലിയൻസുവാല്‌ ചാങ്‌തെയെ കൊൽക്കത്തക്കാർ കൂടാരത്തിലെത്തിച്ചു. ദെയാൻ ഡ്രാസിച്ച്‌, ലീ ഇർവിൻ, മിഗ്വേൽ ഫിഗ്വെയ്‌റ എന്നിവർ കരുത്തുപകരും. പനാഗിയോടിസ്‌ ദിലംപെരിസ്‌ ആണ്‌ പരിശീലകൻ. പുതിയ ഉടമകൾക്ക്‌ കീഴിൽ പുതിയ ചരിത്രം കുറിക്കുകയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഇന്ത്യൻ മുന്നേറ്റക്കാരൻ റയാൻ വില്യംസാണ്‌ ബംഗളൂരുവിന്റെ വജ്രായുധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home