ആറ് വലിയ തടങ്കൽ കേന്ദ്രങ്ങൾ; പ്രതിഷേധത്തെ അടിച്ചമർത്താൻ വൻ പൊലീസ് സന്നാഹം

ന്യൂഡൽഹി: ജന്തർമന്തറിലെ പ്രതിഷേധത്തെ അടിച്ചമർത്താൻ വൻ പൊലീസ് സന്നാഹവുമായി കേന്ദ്രം. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ആറ് വലിയ തടങ്കൽ കേന്ദ്രങ്ങളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. തലസ്ഥാനത്തേക്ക് എത്തുന്ന സമരക്കാരെ വഴിയിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നീക്കം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തുന്ന സോഷ്യൽ മീഡിയ പ്രവർത്തകരെയും സ്വതന്ത്ര മാധ്യമപ്രവർത്തകരെയും പോലും നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭം അടിച്ചമർത്താൻ ഡൽഹിയിൽ സമ്പൂർണ പൊലീസ്‌രാജ് ഏർപ്പെടുത്തി. 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും അടച്ചിടാൻ പൊലീസ് നിർദേശിച്ചിരിക്കയാണ്. യുവജനങ്ങളെ അറസ്റ്റ് ചെയ്‌ത് കൊണ്ടുപോകാൻ നൂറുകണക്കിന് ബസുകൾ സജ്ജമാക്കി. 23,000 അർധസൈനികരെ നിരത്തുകളിൽ അധികമായി വിന്യസിച്ചു. 37 ചെക്ക് പോയിന്റുകൾ കടന്നുവേണം ജന്തർമന്തറിലെത്താൻ. ഫലത്തിൽ ഡൽഹിയെ പൂർണമായും തടങ്കലിലാക്കിയിരിക്കയാണ് കേന്ദ്രസർക്കാർ.
പ്രക്ഷോഭകരുടെ ഒത്തുചേരൽ തടയാൻ വെള്ളി രാത്രി 10 മുതൽ ശനി രാത്രി 10 വരെ ജന്തർ മന്തറിന്റെ നാലുകിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. പ്രക്ഷോഭകർ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങളിലെ പ്രചരണവും തടയാനാണ് ഇന്റർനെറ്റ് നിരോധനം.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ആദ്യം പ്രതിഷേധം തുടങ്ങിയത് ഇടതുപക്ഷമാണ്. നിരോധനനാജ്ഞ ലംഘിച്ച് ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജന്തർമന്തറിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. ഇത് ഡൽഹി പൊലീസിനെയും ആഭ്യന്തരമന്ത്രാലയത്തെയും വിറപ്പിച്ചു. അമിത് ഷായുടെ ഇന്റലിജൻസ് സംവിധാനങ്ങളുടെ കണക്കുകൂട്ടൽ തെറ്റിച്ച് വലിയ യുവജനപങ്കാളിത്തം സമരത്തിലുണ്ടായി. കമ്യൂണിസ്‌റ്റുകളാണ് മോദി സർക്കാരിന് എതിരായ പ്രക്ഷോഭങ്ങളുടെ ചാലകശക്തിയെന്ന് ആർഎസ്‌എസ് മുഖമാസികയായ ഓർഗനൈസറും മുഖപ്രസംഗത്തിൽ പറഞ്ഞു.









0 comments