കളമശേരി കൂട്ടബലാത്സംഗം: ഒന്നാം പ്രതിയുടെ ഫോൺ ചാറ്റ് വിവരം ലഭിച്ചു; കൂടുതൽ ഇരകളുണ്ടെന്ന് സംശയം

ശ്രീരാജ്, ജിത് മാർട്ടിൻ

സ്വന്തം ലേഖകൻ
Published on Oct 10, 2026, 07:50 AM | 1 min read
കൊച്ചി: സ്‌പായിൽ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷണം. ഒന്നാം പ്രതി ആലപ്പുഴ കാർത്തികപ്പിള്ളി എസ് ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജി(30)ന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബലാത്സംഗത്തിന് ഇരയായ യുവതി പറഞ്ഞ രണ്ട് പേരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പ്രതികൾക്കൊപ്പമുണ്ടായിരുന്നവരാണ് ഇവർ.
മറ്റുചില സ്‌ത്രീകളെയും സ്‌പായിൽ അഭിമുഖത്തിന് ക്ഷണിച്ചിരുന്നതായുള്ള ചാറ്റുകൾ ശ്രീരാജിന്റെ ഫോണിൽ നിന്നും കണ്ടെത്തി. 15 സ്‌ത്രീകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇവരെ ഭീഷണിപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. അഭിമുഖത്തിനെന്ന വ്യാജേന സ്ത്രീകളെ സമീപിച്ച് സൗഹൃദത്തിലോ ബന്ധത്തിലോ ഏർപ്പെടാൻ ശ്രമിച്ചിരുന്നയാളാണ് ശ്രീരാജെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ ദുരുദ്ദേശത്തെ എതിർത്ത രണ്ട് സ്‌ത്രീകൾ നൽകിയ പരാതിയിൽ 2023-ൽ പാലാരിവട്ടം, തൃക്കാക്കര പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. ഇതിനു പുറമേ സ്‌ത്രീത്വത്തെ അപമാനിച്ചതിന് രണ്ട് കേസും മയക്കുമരുന്ന് കേസും ശ്രീരാജിനെതിരെയുണ്ട്. ഇംഗിതത്തിന് വഴങ്ങുന്നതിനായി ഇയാൾ നിരവധി സ്‌ത്രീകളെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഇയാളുടെയും രണ്ടാംപ്രതി തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിന്റെ(27)യും കസ്‌റ്റഡി കാലാവധി അവസാനിച്ചു. ഇവരെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും. മൂന്നാംപ്രതി ആലപ്പുഴ എസ്‌എൻ പുരം പനന്പടപുത്തൻ വീട്ടിൽ ശരണ്യ ശശി (അമ്മു–30), നാലാംപ്രതി തൃശൂർ പറപ്പൂക്കര വാടേരിയാട്ടിൽ വി എസ് സഞ്‌ജയ് (സഞ്‌ജു–21) എന്നിവരെയും കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.









0 comments