Deshabhimani

‘സൂത്ര’ധാരൻ മുഹമ്മയിലുണ്ട്‌

 Simi Muhammed.jpg

സിമി മുഹമ്മ

avatar
കെ എസ്‌ ലാലിച്ചൻ

Published on Oct 10, 2026, 08:32 AM | 2 min read

മുഹമ്മ: മൗഗ്ലി, സൂത്രൻ, കുഞ്ചൂസ്, അക്കു– ഇക്കു തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ ഏതു പ്രായക്കാർക്കും ഒരുപോലെ ഇഷ്ടം. ഇവയൊക്കെ വായനക്കാർ നന്നായി ആസ്വദിക്കുമ്പോൾ മുഹമ്മക്കാരനായ സാബുവിന് അഭിമാനിക്കാം. കേരളത്തിലെ അറിയപ്പെടുന്ന ബാല പ്രസിദ്ധീകരണങ്ങൾക്ക് ഇവയൊക്കെ വരച്ചുനൽകുന്നത്‌ ആര്യക്കര കളരിയ്‌ക്കൽ സാബുവാണ്‌. സിമി മുഹമ്മ എന്ന പേരിലാണ് ഇദ്ദേഹം മൂന്നു പതിറ്റാണ്ടായി വരകളുടെ ലോകത്ത് നിറസാന്നിധ്യമാകുന്നത്.

​

​കുറിക്കുകൊള്ളുന്ന വര


​സാബു വരച്ചുതുടങ്ങുന്നത് എറണാകുളം എസ് ടി ആർ പബ്ലിക്കേഷനിലൂടെയാണ്‌. കോട്ടയത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ചെമ്പകം മാഗസിന്റെ അവസാന പേജിൽ ‘കണ്ടതും കേട്ടതും’ കാർട്ടൂൺ സ്‌ട്രിപ്‌സ്‌ അഞ്ചുവർഷം ചെയ്‌തു. കോട്ടയം സോമരാജന്റെ ‘മണ്ടൂസ് ' എന്ന സ്ക്രിപ്റ്റിന്‌ വരച്ചു. ഇരുവരും ചെമ്പകത്തിൽ പ്രസിദ്ധീകരിച്ച ‘പരമശിവൻ കേരളത്തിൽ' എന്ന ആക്ഷേപഹാസ്യ ചിത്രീകരണം വലിയ കോളിളക്കമുണ്ടാക്കി. അന്ന് കെ കരുണാകരനാണ്‌ മുഖ്യമന്ത്രി. അക്കാലത്തെ ദുരിതങ്ങളുമായി ബന്ധിപ്പിച്ച്‌ പരമശിവന്റെയും പാർവതിയുടെയും സന്ദർശനമായിരുന്നു വിഷയം. വിശ്വഹിന്ദു പരിഷത്തുകാർ ചെമ്പകം ഓഫീസിലെത്തി ഇവയുടെ കോപ്പികൾ കത്തിച്ചത്‌ സാബു ഓർത്തെടുത്തു.


കോട്ടയം പുഷ്പനാഥിന്റെ നോവലിൽ ഡ്രാക്കുളയെ ചിത്രീകരിക്കാനും സാബുവിന് കഴിഞ്ഞു. ബാല പ്രസിദ്ധീകരണത്തിൽ കുഞ്ചൂസ്, വിക്രൂ ആൻഡ് ദുർബലൻ, മല്ലനുണ്ണിയും വില്ലനുണ്ണിയും ഇവയുടെ വരയോടൊപ്പം എഴുത്തുമുണ്ട്‌. ചിൽഡ്രൻസ് ഡൈജെസ്റ്റ് ഇംഗ്ളീഷ് മാസികയിലും വരയ്ക്കുന്നു.

​

തൂലിക നാമം വന്ന വഴി


വൈക്കം കൊതവറ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലായിരുന്നു സാബുവിന്റെ പ്രീഡിഗ്രി പഠനം. അമ്മാവൻ ആനന്ദന്റെ വീട്ടിൽനിന്നാണ്‌ പഠിച്ചത്. പഠനശേഷമുള്ള സമയം അമ്മാവന്റെ കടയിൽ സഹായിയായി. കടയിൽ വരുന്നവരുടെ രേഖാചിത്രം സാബു വരച്ചുതുടങ്ങി. ഫോട്ടോയുടെ താഴെ കടയുടെ പേരായ ‘സിമി' എന്ന് എഴുതി. കടയുടമ സദാനന്ദന്റെ മൂത്തസഹോദരന്റെ മകൾ സിമിയുടെ പേരായിരുന്നു. അത്‌ തൂലിക നാമമായി ഇന്നും തുടരുന്നു. കൊതവറ കുരിശടിക്ക് സമീപം ഇ‍ൗ കട അതേ പേരിൽ ഇപ്പോഴുമുണ്ട്‌.

​

ചിത്രകലയിലെ വഴിത്തിരിവ്‌


വെച്ചൂർ എൻഎസ്എസ് സ്കൂളിലെ പത്താം ക്ലാസ് പഠനശേഷം കൊതവറയിൽ കെഎസ്ആർടിസി ജീവനക്കാരൻ സോമന്റെ കീഴിൽ ഡ്രോയിങ് പഠനം തുടങ്ങി. തൃപ്പൂണിത്തുറയിലെ ‘ചിത്രാലയ' അധ്യാപകൻ ചക്രപാണിയാണ് ചിത്രകലയിലെ മുന്നോട്ടുള്ള വഴി കാണിച്ചുതന്നത്‌. പഠനശേഷം ബോർഡും ചുവരെഴുത്തുമൊക്കെയായി ഇദ്ദേഹത്തോടൊപ്പം കൂടി. കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ് ചക്രപാണി പറഞ്ഞുവിടുകയായിരുന്നു. എറണാകുളം എസ് ടി ആർ പബ്ലിക്കേഷൻ ചിത്രകഥയിൽ വരയ്ക്കാൻ അവസരംകിട്ടി. പിന്നെ കോട്ടയത്ത്‌ ടോംസിന്റെ ‘ഉണ്ണിക്കുട്ടനിൽ' വരച്ചു. അക്കാലത്ത്‌ കോട്ടയത്തുനിന്ന്‌ ഇറങ്ങിയിരുന്ന മിക്ക ആഴ്ചപ്പതിപ്പുകളുടെയും ഉൾപ്പേജിൽ വരച്ചു.

​

ടീച്ചറുടെ അഭിനന്ദനം


മുഹമ്മ സിഎംഎസ് സ്കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ ബോൾപേന കൊണ്ട് ചിത്രംവരച്ചു. സിഗരറ്റ് വലിക്കുന്ന ഒരാളുടെ ചിത്രവുമായി സ്കൂളിൽചെന്ന് കുഞ്ഞുമോൾ ടീച്ചറെ കാണിച്ചു. പക്ഷേ സിഗരറ്റ് വലി ടീച്ചർക്ക് അത്ര പിടിച്ചില്ല. ഇങ്ങനത്തെ ചിത്രം വരയ്ക്കണ്ടെന്ന്‌ പറഞ്ഞ് ടീച്ചർ സയൻസ് പുസ്തകത്തിലെ ചിത്രം കാണിച്ചുതന്നു. ജനാലപ്പടിയിലെ ചെടിച്ചട്ടിയിൽനിന്ന് സൂര്യന്റെ നേർക്ക് വളരുന്ന ചെടിയുടെ ചിത്രമായിരുന്നു അത്‌. വരച്ചപ്പോൾ കുഞ്ഞുമോൾ ടീച്ചർ തന്ന അഭിനന്ദനമാണ് ജീവിതത്തിലെ ആദ്യത്തെ അംഗീകാരമെന്ന് 59 കാരനായ സാബു പറഞ്ഞു.


എ ബി വിലാസം സ്കൂളിൽ അഞ്ച് മുതൽ ഏഴാം ക്ലാസ് വരെ പഠനത്തിനിടെ ചിത്രരചനയിൽ സമ്മാനം നേടാനായി. പിന്നീട്‌ വെച്ചൂരിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മത്സരത്തിന് താൻ ഉള്ളതുകൊണ്ട് പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന്റെ സങ്കടം സഹപാഠി പറഞ്ഞു. പിന്നീട് ഒരിക്കലും ആരോടും മത്സരിച്ചിട്ടില്ല. അച്ഛൻ പുരുഷോത്തമനും അമ്മ സുമിത്രയും കയർത്തൊഴിലാളികളായിരുന്നു. ഇവരെ ബുദ്ധിമുട്ടിക്കാതെ പേനയും ഇന്ത്യൻ ഇങ്ക് മഷിയും വാങ്ങാൻ ഉത്സവപ്പറമ്പിൽ കപ്പലണ്ടി വിറ്റ് സാബു പണം സമ്പാദിച്ചു.

​

ബണ്ടുപാലത്തിലെ യക്ഷി


വരയ്‌ക്കൊപ്പം എഴുത്തും കൈവശമുള്ള സാബു അഞ്ച്‌ ബാലനോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബാല്യകാലം മുതലുള്ള ഓർമകളുടെ സമാഹാരമായ-- "ബണ്ടുപാലത്തിലെ യക്ഷി’യും പുറത്തിറക്കി. അമ്മ സുമിത്രയും അങ്കണവാടി വർക്കറായ ഭാര്യ ബിന്ദുവും മക്കളായ ശ്രീലക്ഷ്മിയും ശ്രീശബരിയും ഉൾപ്പെടുന്നതാണ് സാബുവിന്റെ കുടുംബം. മൂന്ന് സഹോദരിമാരുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home