ഇന്ന് ലോക മാനസികാരോഗ്യ ദിനം
മനസ്സിനെയും കൂടെക്കൂട്ടാം

ഷെഹ്‌നാസ് അലി
Published on Oct 10, 2026, 08:08 AM | 4 min read
സ്വയമേവ അടഞ്ഞ വലിയ മുറിയാണ് പ്രവാസം. അതിൽ അടഞ്ഞും അകന്നും കാലം പിന്നിടുന്നവർ അതിനേക്കാൾ അടഞ്ഞ ചിത്രങ്ങൾ. പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് മസ്‌കത്തിലെ ഫാമിലി കൗൺസലറും ഇമോഷണൽ ഇന്റലിജൻസ് പരിശീലകയുമായ ഷെഹ്‌നാസ് അലി പങ്കുവയ്‌ക്കുന്നു
പ്രവാസജീവിതം പലർക്കും സ്വപ്‌നങ്ങളിലേക്കുള്ള യാത്രയാണ്. മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ, കുടുംബത്തിന്റെ ഭാവി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം മുന്നിൽക്കണ്ടാണ് പലരും സ്വന്തം നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് മറ്റൊരിടത്തേക്കെത്തുന്നത്. എന്നാൽ, പുറത്തുനിന്ന് കാണുന്ന പ്രവാസജീവിതവും അതിന്റെ അനുഭവവും പലപ്പോഴും രണ്ടാണ്. ഫാമിലി കൗൺസലർ, ഇമോഷണൽ ഇന്റലിജൻസ് പരിശീലക എന്നീ നിലയിൽ പ്രവാസി കുടുംബങ്ങളുമായി സംസാരിക്കുമ്പോൾ ഞാൻ നിരന്തരം കാണുന്ന യാഥാർഥ്യമുണ്ട്; ഒറ്റപ്പെടൽ പലപ്പോഴും വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് മനസ്സിലാക്കപ്പെടുന്നുണ്ടോ എന്നതുമായാണ് ബന്ധപ്പെടുന്നത്.
ഭർത്താവും ഭാര്യയും മക്കളും കൂടെയുണ്ടായിട്ടും ചിലർക്ക് കടുത്ത ഏകാന്തത അനുഭവപ്പെടുന്നു. ഇത്തരക്കാരിൽ കൂടുതൽ സ്ത്രീകളാണ്. പുരുഷന്മാരിൽ ഭൂരിഭാഗവും ജോലി തിരക്കുകളിൽ സ്വയം മറന്നുപോകുന്നവരാണ്. പ്രവാസികൾ കുടുംബത്തിൽനിന്ന് അകന്ന് ജീവിക്കുന്നു. ചിലർ ജോലി, വീട്, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വന്തം വികാരങ്ങൾക്കുപോലും സമയം നൽകുന്നില്ല.
"എനിക്ക് ആരോടാണ് വിഷമം പറയാനാകുക? ഞാൻ തളർന്നുപോയെന്ന് പറഞ്ഞാൽ ആരെങ്കിലും മനസ്സിലാക്കുമോ?’ "നിങ്ങൾക്ക് അവിടെ നല്ല സുഖമല്ലേ, അടിപൊളി ജീവിതം’ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ജീവിതംകൊണ്ട് നിവർത്തിക്കേണ്ട ബാധ്യത. വിസയും ടിക്കറ്റും എടുത്ത് പ്രവാസലോകത്തേക്ക് കൊണ്ടുവന്നിട്ട് ഒരുവിധ പരിഗണനയും കിട്ടാത്ത ഒരുപാട് പേരുണ്ട് നമുക്കുചുറ്റും. തുടർച്ചയായ ഏകാന്തത, കുടുംബത്തിൽനിന്നുള്ള അകലം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, പങ്കാളിയുടെ വിവാഹേതര ബന്ധങ്ങൾ, ലഹരിക്കടിമപ്പെടൽ, സാമ്പത്തിക സമ്മർദം, മക്കളെക്കുറിച്ചുള്ള ആശങ്ക, ദാമ്പത്യത്തിലെ ആശയവിനിമയക്കുറവ്, സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെടുന്നതുപോലുള്ള തോന്നൽ എന്നിവയെല്ലാം Anxiety, Sadness, Emotional Exha ustion, Depression പോലുള്ള അവസ്ഥകളിലേക്ക് നയിക്കാം.
സ്വയം കൊഴിയുന്ന യുവത
അടുത്തകാലത്ത് പ്രവാസി യുവതീയുവാക്കളിൽ ആത്മഹത്യാനിരക്ക് കൂടിവരുന്നതായി കാണുന്നുണ്ട്. ‘പുതിയ തലമുറയ്ക്ക് മനക്കട്ടിയില്ലെ’ന്ന് പറഞ്ഞ് ഇതിനെ നിസ്സാരവൽക്കരിക്കുകയാണ് പതിവ്. അതത്ര നിസ്സാര സംഗതിയല്ലെന്നാണ് അനുഭവം. അടുത്തിടെ വന്ന ഒരു കേസിൽ ആത്മഹത്യാശ്രമത്തിൽനിന്ന് രക്ഷപ്പെട്ട വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്– "എന്നെ ആരും മനസ്സിലാക്കുന്നില്ല. ഞാൻ പരാജയപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ചെയ്‌തുപോയതാണ്. എനിക്ക് നാട്ടിലേക്ക് തിരിച്ചുപോകാനും കഴിയില്ല. എന്റെ പ്രശ്നം ആരോടും പറയാൻ കഴിയില്ല.’
എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടാകുന്നത്? പണ്ടുകാലത്തെ ആളുകൾ കഷ്‌ടപ്പാട് ജീവിതത്തിന്റെ ഭാഗമാണെന്ന് ചെറുപ്പംമുതൽ കണ്ടുവളർന്നിരിക്കാം. മറ്റുള്ളവരുടെ ജീവിതം താരതമ്യം ചെയ്യാൻ സമൂഹമാധ്യമങ്ങൾ ഉണ്ടായിരുന്നില്ല. പരാജയപ്പെട്ടാൽ അത് എല്ലാവരുടെയും മുന്നിൽ തുറന്നുകാട്ടപ്പെടുന്ന സാഹചര്യങ്ങൾ കുറവായിരുന്നു. സാമൂഹ്യജീവികളായിരുന്ന നാം ഇന്ന് സമൂഹമാധ്യമജീവികളാണ്. മൂഹമാധ്യമത്തിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവർക്കുവരെ ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ പോലുമുണ്ടാകില്ല.
ചില അനുഭവങ്ങൾ
1) എൻജിനിയറിങ് പഠനത്തിനുശേഷം ഒരുപാട് സ്വപ്‌നങ്ങളുമായി നാട്ടിൽ ജോലി ചെയ്‌ത പെൺകുട്ടി. സ്വന്തം കാലിൽ നിൽക്കണം, കരിയറിൽ മുന്നേറണം എന്നീ ആഗ്രഹം മാത്രമുള്ളവൾ. വിവാഹം അവളെ പ്രവാസലോകത്തേക്ക് എത്തിച്ചു. അവളുടെ വിദ്യാഭ്യാസത്തിനും കഴിവിനും അനുയോജ്യമായ അവസരം ഇവിടെ ലഭിച്ചില്ല. നിയമങ്ങളും സാഹചര്യങ്ങളും അതിന് വിലങ്ങുതടിയായി. അങ്ങനെ അവൾ വീട്ടിലൊതുങ്ങി. ഭർത്താവിലും മക്കളിലും മാത്രമായി മുഴുകി. പുറമേനിന്ന് നോക്കുമ്പോൾ അവൾക്ക് എല്ലാമുണ്ട്. കുടുംബം, വീട്, മക്കൾ, സുരക്ഷിതമായ ജീവിതം. പക്ഷേ, പിന്നീടങ്ങോട്ട് അവൾക്ക് ഉറക്കം നഷ്‌ടപ്പെടാൻ തുടങ്ങി. "താൻ പഠിച്ചതെല്ലാം എന്തിനായിരുന്നു. തന്റെ കഴിവിന് ഇനി എന്ത് വില. ഇനിയെന്തെങ്കിലുമാകാൻ സാധിക്കുമോ? ഇതിനിടയിൽ സമൂഹമാധ്യമത്തിൽ അവളുടെ പ്രായത്തിലുള്ളവർ തൊഴിലിൽ മുന്നേറുന്നത് കാണുന്നു. സ്വന്തം ജീവിതത്തെ അവരുടേതുമായി താരതമ്യം ചെയ്യാൻ തുടങ്ങി. ഈ ചിന്തകൾ കാടുകയറി അവസാനം ഡിപ്രഷനിൽ എത്തി.
2) ഭർത്താവ് അറിയപ്പെടുന്ന ബിസിനസുകാരൻ. അതിന്റെ തിരക്കിൽ എപ്പോഴും യാത്രകളിലാണ് അയാൾ. മാസത്തിൽ കുറച്ചുദിവസംമാത്രം വീട്ടിൽ. അവൾക്ക് പണത്തിന് കുറവില്ല. പക്ഷേ, കൂട്ടിന് ഒരാളില്ല. സുഹൃത്തുക്കൾ വേണം. മനസ്സുതുറന്ന് സംസാരിക്കാൻ, ചിരിക്കാൻ, പുറത്തുപോകാൻ, തന്റെ വിഷമങ്ങൾ പറയാൻ ഒരാൾ വേണം. പക്ഷേ, അവളുടെ ജീവിതത്തിന് ചുറ്റും മറ്റൊരു മതിലുണ്ട്, ‘പ്രസ്റ്റീജ്'. ഇത്ര വലിയ ബിസിനസുകാരന്റെ ഭാര്യയുടെ കൂട്ടുകെട്ട് സാധാരണ സ്ത്രീകളോടാണോ? ആളുകൾ എന്തുകരുതും. അങ്ങനെ പതുക്കെ അവൾ മനുഷ്യബന്ധങ്ങളിൽനിന്ന് അകന്നു. സമൂഹത്തിന്റെ മുന്നിൽ ‘ഭാഗ്യവതി'. സഹിച്ച് സഹിച്ച് അവൾ ഒരുദിവസം പൊട്ടിത്തെറിക്കുന്നു.
3) ലഹരിക്കടിമയായ ഭർത്താവിന്റെ പോൺ അഡിക്‌ഷനാൽ ജീവിതം നശിച്ച സ്ത്രീകൾ നിരവധിയാണ്. പ്രവാസജീവിതത്തിലെ ഏകാന്തതയിൽ ബാച്ചിലർ കാലഘട്ടത്തിൽ പല പുരുഷന്മാരും പോൺ വീഡിയോകളിലൂടെ ലൈംഗികതയെ പരിചയപ്പെടുന്നു. പതുക്കെ അത് ശീലമാകുന്നു. വലിയ തുക നൽകി വെർച്വൽ ലൈംഗികത, മസാജ് പാർലറുകൾ സന്ദർശിക്കുക തുടങ്ങി താൽക്കാലിക സംതൃപ്തിക്കായുള്ള പ്രവൃത്തികൾ ചിലരിൽ അഡിക്‌ഷനായി മാറുന്നു. ഇങ്ങനെയുള്ളവർ പങ്കാളിയുമായി നല്ലരീതിയിൽ ഇടപഴകില്ല. പങ്കാളി ആഗ്രഹിക്കുന്നത് വെറും ശാരീരികബന്ധം മാത്രമല്ല, പ്രിയപ്പെട്ടവന്റെ കരുതലും സ്‌നേഹവും സ്‌പർശവും തലോടലുമൊക്കെയാണ്. പങ്കാളിയോട് സംസാരിക്കാൻ സമയമില്ല. അവളുടെ വികാരങ്ങൾ കേൾക്കാൻ ക്ഷമയില്ല. സ്വാഭാവികമായും അവൾക്ക് തോന്നാൻ തുടങ്ങി എന്നിൽ എന്താണ് കുറവ്? അയാൾക്ക് എന്നെ ആവശ്യമില്ലേ?
4) പ്രവാസജീവിതത്തിൽ പല സ്‌ത്രീകളും സ്വന്തം കുടുംബത്തിന്റെ നല്ല ഭാവിക്കായി ജോലി ചെയ്യുന്നുണ്ട്. നഴ്‌സ്, ഹോസ്‌പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത സംഗതിയാണ് രാത്രി ഷിഫ്റ്റുകൾ. ഇത്തരം മേഖലകളിലെ സ്ത്രീകൾ ജോലിക്കുപോകുമ്പോൾ വീട്ടിൽ ഭർത്താവും മക്കളുംമാത്രം. പക്ഷേ, ചില വീടുകളിൽ ആ രാത്രികൾ വെറും രാത്രികളല്ല. ഭർത്താവിന്റെ ഏകാന്തത, അരക്ഷിതാവസ്ഥ തുടങ്ങി പല സംഗതികളും വളർന്ന് വഷളായി കുടുംബബന്ധങ്ങളെ ബാധിക്കുന്നു. "ഇത്ര രാത്രിവരെ അവൾ എവിടെയാണ്? ആരൊക്കെയാണ് അവളുടെ കൂടെ ജോലി ചെയ്യുന്നത്. അവൾക്ക് എന്നെക്കാൾ ജോലി പ്രധാനമാണോ. ചിലപ്പോൾ ഈ ചോദ്യങ്ങൾ നേരിട്ട് ചോദിക്കില്ല.
പക്ഷേ, അവളുടെ ഫോൺ പരിശോധിക്കുന്നതിലും നിരന്തരം വിളിക്കുന്നതിലും സംശയിക്കുന്നതിലും വഴക്കുകളിലും അത് പ്രകടമാകും. താൻ കുടുംബത്തിനുവേണ്ടിയല്ലേ ജോലിചെയ്യുന്നതെന്ന് അവൾക്ക് തോന്നിത്തുടങ്ങി. എന്താ തന്നോട് ഇങ്ങനെ പെരുമാറുന്നത്. പിന്നീടത് വലിയ മാനസിക പ്രശ്നമായി വളരുന്നു.
മേൽപ്പറഞ്ഞ സംഭവങ്ങളിൽ ഒന്നിലധികം വ്യക്തികൾ ചികിത്സതേടി എന്നെ സമീപിച്ചിട്ടുണ്ട്. സാമാന്യമായി വിവരിക്കുമ്പോൾ ലളിതമെന്ന് തോന്നുമെങ്കിലും അതീവ സങ്കീർണമായ മാനസികാവസ്ഥയുമായി വരുന്നവരെ നിരന്തരമായ പരിചരണത്തിലൂടെയാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുള്ളത്. മനസ്സോളം പ്രവചനാതീതമായ മറ്റൊന്നുമില്ല. അതുകൊണ്ടുതന്നെ മാനസികാരോഗ്യത്തിന് വലിയ പ്രധാന്യമുണ്ട്. മനുഷ്യൻ ആത്യന്തികമായി സാമൂഹ്യജീവിയാണെന്ന ബോധത്തോടെ ജീവിക്കുക. സമൂഹമാധ്യമങ്ങൾ വിവേചനബുദ്ധിയോടെ ഉപയോഗിക്കുക. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്നും പ്രശ്നങ്ങളെ അങ്ങനെതന്നെ നേരിടാനും അവയിൽനിന്ന് ഓടിയൊളിക്കാതിരിക്കാനും ശീലമാക്കുക. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. പ്രശ്‍നങ്ങൾ നേരിടാൻ നമ്മൾ ഒറ്റയ്ക്കല്ലതാനും. പ്രവാസം ശാരീരികമായൊരു എത്തിപ്പെടൽ മാത്രമല്ല; അത് മനസ്സിന്റെ സഞ്ചാരംകൂടിയാണ്. ആ യാത്രയിൽ, മനസ്സിനെയും കൂടെക്കൂട്ടാൻ മറക്കരുതേ.








0 comments