ആര്‍സിസിയിലെ 14 നില കെട്ടിടം സമർപ്പിച്ചു
പ്രതിവർഷം 2.5 ലക്ഷം രോഗികൾക്ക് ആശ്രയമേകും

റീജണൽ ക്യാൻസർ സെന്ററിന്റെ ബഹുനിലമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വീണാ ജോർജ്, വി ശിവൻകുട്ടി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ തുടങ്ങിയവർ സമീപം
സ്വന്തം ലേഖകൻ
Published on Feb 24, 2026, 12:51 AM | 1 min read
തിരുവനന്തപുരം
242 കോടി രൂപ ചെലവഴിച്ച് ആർസിസിയിൽ സംസ്ഥാന സർക്കാർ നിർമിച്ച 14 നില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാന അർബുദചികിത്സാകേന്ദ്രങ്ങളിലൊന്നായ ആർസിസിയിൽ നൂതനസംവിധാനങ്ങളോടെയുള്ള പുതിയ മന്ദിരം പ്രവർത്തനമാരംഭിച്ചതോടെ പ്രതിവർഷം രണ്ടരലക്ഷത്തോളം രോഗികൾക്ക് ആശ്വാസമേകും. മൂന്നരലക്ഷത്തോളം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ റേഡിയേഷൻ യൂണിറ്റ്, രണ്ട് ലീനിയർ ആക്സിലറേറ്ററുകൾ, ബ്രാക്കി തെറാപ്പി യൂണിറ്റ്, സിടി, എംആർ സിമുലേറ്ററുകൾ, ബോൺ മാരോ ചികിത്സാസംവിധാനങ്ങൾ, രക്തബാങ്ക്, ആറ് ഓപ്പറേഷൻ തിയറ്ററുകൾ, റോബോട്ടിക് സർജറി സംവിധാനങ്ങൾ, ഐസിയുകൾ, ലുക്കീമിയ വാർഡ്, ലക്ചറർ ഹാളുകളടക്കമുള്ള സൗകര്യങ്ങൾ, ലൈബ്രറി, നഴ്സിങ്, ബിരുദാനന്തര ബിരുദക്കാർക്കുള്ള ഹോസ്റ്റലുകൾ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങൾ, സിംഗിൾ- ഡബിൾ അക്കോമൊഡേഷൻ പേവാർഡുകൾ എന്നിവ സജ്ജമാണ്. 2018ൽ നിർമാണം തുടങ്ങിയെങ്കിലും കോവിഡ് അടച്ചിടലിൽ താമസം നേരിട്ടു. ആദ്യഘട്ടത്തിൽ 187 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ രണ്ടുനിലകളിലായി 100 കാറുകൾ നിർത്താം. കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. മന്ത്രി വി ശിവന്‍കുട്ടി വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ ആന്‍സലന്‍, സി കെ ഹരീന്ദ്രന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ഡിഎംഇ ഡോ. കെ വി വിശ്വനാഥന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. എസ് ഗോപകുമാര്‍, കൗണ്‍സിലര്‍ എസ് എസ് സിന്ധു, കെ-സിഡിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ് എ ഹാഫിസ്, ആര്‍സിസി ഡയറക്ടര്‍ ഡോ. ആര്‍ രജനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.










0 comments