ad
Deshabhimani

കേന്ദ്ര അവഗണനയിൽ നേമം ദുരിതത്തിൽ

‘എന്തിന്‌ ഞങ്ങളെ പറഞ്ഞുപറ്റിച്ചു’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വൈഷ്‌ണവ്‌ ബാബു

Published on Mar 15, 2026, 12:00 AM | 1 min read

 നേമം

നേമം റെയിൽവേ സ്റ്റേഷനുസമീപത്തെ മേലതിൽ നിവാസികൾ അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ്‌. വലിയ പദ്ധതി വരുമെന്ന പ്രതീക്ഷയിൽ വികസനത്തിനായി മണ്ണും സൗകര്യങ്ങളും വിട്ടുനൽകിയ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിൽ. സ്കൂൾ കുട്ടികൾമുതൽ വയോധികർവരെ പാളം മുറിച്ചുകടന്ന് ജീവൻ പണയംവച്ച് യാത്ര ചെയ്യുമ്പോൾ, കേന്ദ്രസർക്കാരും ബിജെപിയും കൊട്ടിഘോഷിച്ച നേമം ടെർമിനൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. വിദ്യാർഥികൾക്ക് നേമം യുപി സ്കൂളിലേക്കും വിക്ടറി ഹൈസ്കൂളിലേക്കും എത്താനുള്ള ഏക ആശ്രയമായ പാലം പൊളിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും അധികൃതർ മൗനത്തിലാണ്. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നിരവധി പ്രക്ഷോഭങ്ങൾ നടന്നിട്ടും മന്ദഗതിയിലാണ്‌. പാലം പൊളിച്ചതുകാരണം ആറ് കിലോമീറ്റർ ചുറ്റിസഞ്ചരിക്കേണ്ടി വരുന്ന 250 -കുടുംബങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടുന്നുണ്ട്‌. റെയിൽവേയുടെ രണ്ടാംഘട്ട വികസനത്തിനായി അനുവദിച്ച തുകയിൽ വൻ വെട്ടിക്കുറവ് വരുത്തിയതാണ്‌ കാരണം. 350 കോടി രൂപയുടെ പദ്ധതിയെ വെറും 97 കോടിയിലേക്ക് ഒതുക്കിയതിലൂടെ റെയിൽവേ വികസനംതന്നെ അനിശ്ചിതത്വത്തിലായി. ഒന്നാംഘട്ടത്തിൽ രണ്ട്‌ പിറ്റ്‌ലൈനുകളുടെയും മൂന്ന്‌ സ്റ്റേബിളിങ്‌ ലൈനുകളുടെയും പ്രവൃത്തിയാണ്‌ പുരോഗമിക്കുന്നത്‌. ട്രെയിൻ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അഞ്ച്‌ പിറ്റ്‌ലൈൻ, ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള 10 സ്റ്റേബിളിങ്‌ ലൈനുകൾ എന്നിവയായിരുന്നു പദ്ധതി. എന്നാൽ, പിന്നീടത്‌ നാല്‌ പിറ്റ്‌ലൈനും ആറ്‌ സ്റ്റേബിളിങ്‌ ലൈനുമാക്കി കുറച്ചു. ഒരു പിറ്റ്‌ലൈന്‌ രണ്ട്‌ സ്റ്റേബിളിങ്‌ ലൈൻ എന്നതാണ്‌ അനുപാതം. അതും പാലിച്ചില്ല. ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ കരുവാക്കി പണം വെട്ടിക്കുറച്ച നടപടിക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങുകയാണ് പ്രദേശം. വികസനത്തിന്റെ പേരിൽ തുടങ്ങിയ പല പ്രവൃത്തികളും പൂർത്തിയാക്കാത്തത്‌ ജനങ്ങളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നരുവാംമൂടുനിന്ന് പാമാംകോടേക്ക് പോകുന്ന പ്രധാന കനാൽ റെയിൽവേ സ്റ്റേഷന് മുകളിലൂടെ പോകുന്നുവെന്ന കാരണത്താൽ പൊളിച്ചുമാറ്റി മണ്ണിട്ടുമൂടി. കർഷകർക്ക് വേനൽക്കാലത്ത് ഏറെ ആശ്വാസമായിരുന്ന ഈ ജലസ്രോതസ്സ്‌ ഇല്ലാതാക്കിയതിനെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്‌. കനാലെന്ന് പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home