അങ്കണവാടിയിലെ കുടിവെള്ള ടാങ്കിൽ ഹാർപ്പിക്: ഇടപെട്ട് ഭക്ഷ്യ കമീഷൻ

പണപൊയിൽ അങ്കണവാടിയിൽ ഭക്ഷ്യ കമീഷൻ അംഗം വി രമേശൻ സന്ദർശനം നടത്തുന്നു
നിലമ്പൂർ
പണപൊയിൽ അങ്കണവാടിയിലെ കുടിവെള്ള ടാങ്കിൽ ഹാർപ്പിക് കലർത്തിയ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമീഷന്റെ അടിയന്തര ഇടപെടൽ. ജില്ലയുടെ ചുമതലയുള്ള കമീഷൻ അംഗം വി രമേശൻ അങ്കണവാടിയിലെത്തി രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഒക്ടോബർ 31നാണ് ചാലിയാർ പഞ്ചായത്തിലെ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ഹാർപ്പിക് കലർത്തിയതായി കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറി അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിക്കുന്നതായി കമീഷൻ അംഗം പറഞ്ഞു. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കാണുമെന്നും അറിയിച്ചു. അങ്കണവാടി പരിസരവും കിണറും വാട്ടർ ടാങ്കും സുരക്ഷിതമാക്കാൻ അടിയന്തര നടപടി വേണമെന്ന് കമീഷൻ നിർദേശിച്ചു. ചുറ്റുമതിൽ നിർമിക്കാനും അങ്കണവാടിയുടെയോ പഞ്ചായത്തിന്റെയോ അല്ലാത്ത സാധനങ്ങൾ പരിസരത്തുനിന്ന് നീക്കാനും ആവശ്യപ്പെട്ടു. രക്ഷിതാക്കളെയും പഞ്ചായത്ത് ഭരണസമിതിയെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാൻ സിഡിപിഒയ്ക്ക് നിർദേശം നൽകി. വാട്ടർ ടാങ്ക്, കിണർ, ഫിൽട്ടർ എന്നിവ ശുചീകരിക്കാനും ആവശ്യമായ ബൾബുകൾ സ്ഥാപിക്കാനും കാലപ്പഴക്കംചെന്ന സീലിങ് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ കമീഷൻ ചെയർമാന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അത് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കും നിയമസഭയ്ക്കും കൈമാറുമെന്നും വി രമേശൻ പറഞ്ഞു. സിഡിപിഒ നിഷ, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു, റേഷനിങ് ഇൻസ്പെക്ടർ കെ വിനീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, പഞ്ചായത്ത് അംഗം സി സഹിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.







0 comments