ad
Deshabhimani

തേടിപ്പിടിച്ചു
നേരില്‍ക്കാണാത്ത രക്തബന്ധം

Visakhapatnam, Andhra Pradesh

വിശാഖപട്ടണത്ത്‌ താമസിക്കുന്ന മുഹമ്മദ് അസീസും മുഹമ്മദ് ശരീഫും വണ്ടൂരിലുള്ള ബാപ്പയുടെ കുടുംബത്തെ കണ്ടപ്പോൾ

avatar
കെ പി ഭാസ്കരൻ

Published on Mar 10, 2025, 12:14 AM | 1 min read

വണ്ടൂർ

ആന്ധ്രയിലെ വിശാഖപട്ടണം. അരനൂറ്റാണ്ടുമുമ്പ്‌ ബാപ്പ വന്നിറങ്ങിയ ആ പട്ടണമാണ്‌ മുഹമ്മദ് അസീസിനും മുഹമ്മദ് ശരീഫിനും ഇന്ന്‌ നാട്‌. ഇരുചക്രവാഹന റിപ്പയർമാരാണ്‌ ഇരുവരും. ഇന്ന്‌ ബാപ്പയില്ല. എന്നാൽ ഒരിക്കൽപോലും നേരിൽകാണാത്ത വണ്ടൂരിലെ ബാപ്പയുടെ ബന്ധുക്കളെ തേടിപ്പിടിച്ചതിന്റെ ആഹ്ലാദത്തിലാണിവർ. അമ്പതുവർഷംമുമ്പാണ്‌ വണ്ടൂർ പുന്നപ്പാല സത്യൻപടിയിലെ കുരിക്കൾ മാഞ്ചേരി മുഹമ്മദ് (ഐത്തു കുരിക്കൾ) കേരളം വിട്ടത്‌. വർഷങ്ങളോളം ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് കമ്പനിയിൽ ജോലിചെയ്തു. പ്രദേശത്തെ സയ്യിദത്ത് റാബിയയെ വിവാഹംകഴിച്ച് വിശാഖപട്ടണത്തുതന്നെ താമസമാക്കി. മുഹമ്മദ് അസീസ്, മുഹമ്മദ് ശരീഫ്, ഹസീന ബീഗം–- മൂന്നുമക്കളാണ്‌ മുഹമ്മദിന്‌. ഇരുപത് വർഷംമുമ്പ് ഹസീന ബീഗം മരിച്ചു. വൈകാതെ മുഹമ്മദും ഭാര്യ റാബിയയും ഓർമയായി. മുഹമ്മദ് വിശാഖപട്ടണത്ത്‌ ജോലിചെയ്ത കാലത്ത്‌ കൂടെ വളാഞ്ചേരി കാർത്തല സ്വദേശി സൈതാലിയുണ്ടായിരുന്നു. സൈതാലിയുടെ കുടുംബവുമായി അസീസിനും ഷെരീഫിനും വലിയ ബന്ധമായിരുന്നു. ബാപ്പയുടെ പഴയ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ വന്ന ഇരുവരും ഒരിക്കൽ തങ്ങളുടെ കുടുംബവേരുകൾ തേടി ഇറങ്ങി. ബാപ്പയുടെ വിവാഹ സർട്ടിഫിക്കറ്റും അതിലെ വണ്ടൂരെന്ന സ്ഥലപ്പേരുംമാത്രമായിരുന്നു കൈയിലുണ്ടായിരുന്ന വിവരം. സൈതാലിയുടെ കൈവശമുണ്ടായിരുന്ന മുഹമ്മദിന്റെ കുടുംബത്തിനൊപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അന്വേഷണത്തിൽ നിർണായകമായി. കാര്യങ്ങൾ വിശദീകരിച്ച്‌ ചിത്രമുൾപ്പെടെ സൈതാലി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഒടുവിൽ അവർ വണ്ടൂരിൽ നേരിട്ട്‌ അന്വേഷിച്ചിറങ്ങി. വിവിധ ആളുകളുമായി ബന്ധപ്പെട്ടു. മുഹമ്മദിന്റെകൂടെ വിശാഖപട്ടണത്തിലേക്ക് പുറപ്പെട്ട ബാല്യകാല സുഹൃത്ത് ഗോപാലൻ ഫോട്ടോ തിരിച്ചറിഞ്ഞു. പൂളക്കൽ പാലക്കോട് പ്രദേശത്ത് പള്ളികളിലും മറ്റും കയറി മുതിർന്ന ആളുകളെ ഫോട്ടോ കാണിച്ച്‌ വിവരം സ്ഥിരീകരിച്ചു. സന്തോഷത്തോടെയാണ്‌ മുഹമ്മദിന്റെ മക്കളെ കുടുംബം സ്വീകരിച്ചത്‌. നാട്ടിൽ സ്വന്തം കുടുംബത്തെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ്‌ അസീസും ശരീഫും വിശാഖപട്ടണത്തേക്ക്‌ തിരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home