ad
Deshabhimani

കൊണ്ടോട്ടിയിൽ കെട്ടിട നിർമാണത്തിൽ വ്യാപക ക്രമക്കേട്‌

മാനദണ്ഡം ലംഘിച്ച്‌ നിർമിച്ചത്‌ 10ലധികം കെട്ടിടങ്ങൾ

Vigilance inspection report finds that more than ten buildings do not meet standards
avatar
ബഷീർ അമ്പാട്ട്‌

Published on Jun 19, 2026, 01:23 AM | 1 min read

കൊണ്ടോട്ടി

കൊണ്ടോട്ടി നഗരസഭാ പരിധിയിൽ പുതുതായി നിർമിച്ച പത്തിലധികം കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന്‌ വിജിലൻസ്‌ പരിശോധനാ റിപ്പോർട്ട്‌. നഗരസഭ ഈ കെട്ടിടങ്ങൾക്ക് അനുമതി നൽകിയതും ദുരൂഹമാണ്. പൊതുമരാമത്ത് റോഡിൽനിന്ന്‌ പാലിക്കേണ്ട അകലംപോലും ഇല്ലാതെയാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ മുൻവശത്ത് 3.50 മീറ്റർ സ്ഥലം വേണ്ടതിന് മൂന്ന് മിറ്ററിന് താഴെമാത്രമാണ് ലഭിക്കുന്നത്. പിറകുവശത്തും ഇരുവശങ്ങളിലും ചട്ടം പാലിച്ചില്ല. വാഹന പാർക്കിങ്ങിനായി മാറ്റിവച്ച സ്ഥലം പിന്നീട് കടമുറിയായി മാറ്റിയ കെട്ടിടങ്ങളുമുണ്ട്. തരംമാറ്റിയ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിലും അപാകംകണ്ടെത്തി. നിശ്ചിത അളവിൽ കെട്ടിടം നിർമിക്കാനാണ് തരംമാറ്റൽ അനുവദിച്ചത്. എന്നാൽ, തരംമാറ്റിയശേഷം മൂന്നിരട്ടിയിലധികം നിർമാണം നടത്തിയതായി കണ്ടെത്തി. കെട്ടിടങ്ങളുടെ വിസ്തൃതി കുറച്ചുകാണിച്ച് നികുതിയിൽ വൻ വെട്ടിപ്പ് നടത്തിയതായും പരിശോധനയിൽ കണ്ടെത്തി. ചെറിയ പ്ലോട്ടിലെ നിർമാണത്തിന് കെഎംബിആർ ചട്ടത്തിലെ ഇളവുകൾ ലഭിക്കാൻ പ്ലാനുകൾ തെറ്റായി തയ്യാറാക്കി നഗരസഭയിൽ സമർപ്പിച്ച് അനുമതി വാങ്ങിയതായും വ്യക്തമായി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനുമതി വാങ്ങിയതെന്നാണ്‌ കണ്ടെത്തൽ. സ്ഥല പരിശോധനയും സാങ്കേതിക പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർ സൈറ്റിലെയും പ്ലാനിലെയും അളവുകൾ ഉടമസ്ഥാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയില്ല. 2019ലെ കെഎംബിആർ ചട്ടം 50ലെ ആനുകൂല്യങ്ങൾ അനർഹമായി നൽകി. അപേക്ഷകന് ചട്ടവിരുദ്ധമായി കെട്ടിട നിർമാണത്തിന് അനുമതി നൽകിയെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. കെട്ടിട നിർമാണത്തിനായി രണ്ട് ഉടമസ്ഥർക്ക് അനുവദിച്ച നിർമാണാനുമതി മറ്റൊരാളുടെ പേരിലേക്ക് മാറ്റിയതായി പരാമർശമുണ്ടെങ്കിലും ഇതിന് നഗരസഭയിൽ രേഖകളില്ല. ഭൂമി വാങ്ങുംമുമ്പ് മറ്റൊരാളുടെ പേരിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിച്ചതും ദുരൂഹമാണ്. ​നികുതി നിർണയത്തിലും വ്യാപക അപാകമാണ് കണ്ടെത്തിയത്. വസ്തു നികുതി ഡാറ്റാ ബേസിലും ക്രമക്കേട് കണ്ടെത്തി. കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിട നമ്പർ അനുവദിച്ചതിലും ക്രമക്കേടുകൾ കണ്ടെത്തി. ​അതേസമയം, പാവപ്പെട്ട ഗുണഭോക്താക്കൾക്ക്‌ മാസങ്ങൾ കഴിഞ്ഞാണ് അനുമതി നൽകുന്നത്. അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥ സംഘത്തെക്കുറിച്ച് വ്യക്തമായ പരാമർശം റിപ്പോർട്ടിലുണ്ട്. അനധികൃത കെട്ടിടങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home