ഇവർ പറഞ്ഞു, യാത്രയ്‌ക്കില്ല തളർച്ച

സ്വന്തം ലേഖകൻ
വേങ്ങര
യൗവനത്തിൽതന്നെ പക്ഷാഘാതം ബാധിച്ച് ശരീരം തളർന്നുപോയവർ ഒരുമിച്ചുനടത്തിയ വിനോദയാത്ര അതിജീവനത്തിന്റെ പുതിയ മാതൃകയായി. സംസാരിക്കാനും നടക്കാനും പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്തവരും ഉൾപ്പെടെ 30 പേരാണ് ഒരുദിവസത്തെ യാത്ര പോയത്. പക്ഷാഘാതം ബാധിച്ചവരുടെ കൂട്ടായ്മയായ "ഹാൻഡിക്യാപ്ഡ് 24 ചാരിറ്റി" എന്ന സംഘടനയാണ് യാത്ര സംഘടിപ്പിച്ചത്. വേങ്ങര, കണ്ണമംഗലം, എആർ നഗർ, ഊരകം പഞ്ചായത്തുകളിൽനിന്നുള്ള 18മുതൽ 65വരെ പ്രായമുള്ളവരാണ് യാത്രയിൽ പങ്കാളികളായത്. ശരീരം തളർന്നെങ്കിലും മനസ്സുതളരാത്ത ഇവർ ഉറ്റവരുടെ കൂടെ സഹായത്തോടെയാണ് ബേപ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് യാത്ര നടത്തിയത്. ബോട്ട് യാത്രയും ബീച്ചിലെ ഒത്തൊരുമിച്ചുള്ള സായാഹ്നവും മറക്കാത്ത ഓർമകൾ സമ്മാനിച്ചെന്ന് യാത്രികർ പറഞ്ഞു. കണ്ണമംഗലം എടക്കാപറമ്പിൽനിന്നാണ് യാത്ര ആരംഭിച്ചത്. കണ്ണമംഗലം പഞ്ചായത്ത് അംഗം പി മുജീബ് വിനോദ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സംഘടനാ പ്രസിഡന്റ് ഫൈസൽ പാലാടൻ, സെക്രട്ടറി ചന്ദ്രൻ പൂലാട്ട്, അബ്ദുൽ റസാഖ്, അരീക്കൻ ബീരാൻകുട്ടി, കോയിസൻ മായിൻ ഹാജി, എ കെ ഖൈബർ എന്നിവർ സംസാരിച്ചു.








0 comments