യു കലാനാഥൻ മാസ്റ്റർ പഠന ഗവേഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി

യു കലാനാഥൻ മാസ്റ്റർ പഠന ഗവേഷണ കേന്ദ്രം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സെമിനാറും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു
വള്ളിക്കുന്ന്
യു കലാനാഥൻ മാസ്റ്റർ പഠന ഗവേഷണ കേന്ദ്രം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. അത്താണിക്കൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസക് ഐസക്ക് ഉദ്ഘാടനംചെയ്‌തു. സെമിനാറും നടന്നു. ഉദ്‌ഘാടന ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ പുരോഗമന കലാ സാഹിത്യസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ത് കുമാർ അധ്യക്ഷനായി. "നവോത്ഥാനം- വർത്തമാനകാലം വിചാരങ്ങളും വിചാരണകളും' വിഷയത്തിൽ ഡോ. ടി എം തോമസ് ഐസക്, കെ ജെ ഷൈൻ, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. സദസ്സിലെ പ്രതികരണങ്ങൾക്ക് മറുപടിയും പറഞ്ഞു. ട്രസ്റ്റിന്റെ കീഴിൽ കലാനാഥൻ മാസ്റ്ററുടെ സ്മരണക്ക് സമഗ്രമായ പോർട്ടൽ തയ്യാറാക്കണമെന്ന നിർദേശം ഡോ. തോമസ് ഐസക് മുന്നോട്ടുവച്ചു. എംഎ മ്യൂസിയോളജിയിൽ എട്ടാം റാങ്ക് നേടിയ ടി സൽവ, ബിഎ സംസ്കൃത വ്യാകരണത്തിൽ ഒന്നാം റാങ്ക് നേടിയ ടി സൽന, കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ സി കെ അഭിഷേക്, എംഎ ഹിസ്റ്ററിയിലെ റാങ്ക് ജേതാവ് പി ആദിത്യ, ബിഎ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് നേടിയ പി കെ ശ്രീലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ നരേന്ദ്രദേവ് സ്വാഗതവും ജനറൽ കൺവീനർ ടി അജിത്ത് കുമാർ നന്ദിയും പറഞ്ഞു. "മാധ്യമങ്ങളും പൊതുബോധ നിർമിതിയും'വിഷയത്തിൽ നടന്ന രണ്ടാം ഓപ്പൺ ഫോറത്തിൽ കലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. വി എം ഷഹന മോഡറേറ്ററായി. മാധ്യമ പ്രവർത്തകരായ എം വി നികേഷ് കുമാർ, ഷഫീഖ് താമരശ്ശേരി, ഷഫീഖ് സൽമാൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ ടി വി രാജൻ സ്വാഗതവും കൺവീനർ കെ ടി അജയ് കുമാർ നന്ദിയും പറഞ്ഞു.











0 comments