കാട്ടാന പുഴയിലെ കിണറ്റിൽ വീണു

എടക്കര
തീറ്റതേടി കാടിറങ്ങിയ കാട്ടാന പുഴയിലെ കിണറ്റിൽ വീണു. മൂത്തേടം പാലാങ്കര പാലത്തിനുതാഴെ സ്വകാര്യവ്യക്തിയുടെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് കാട്ടാന വീണത്. 10 മണിക്കൂർ സമയം കാട്ടാന കിണറ്റിലകപ്പെട്ടു. വനത്തോടുചേർന്ന പുഴയോരത്ത് സ്ഥാപിച്ച ആറ് റിങ് താഴ്ചയുള്ള കിണറാണിത്. വ്യാഴം പുലർച്ചെയാണ് കാട്ടാന കിണറ്റിൽ വീണത്. രാവിലെ ഒമ്പതിനാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ വനപാലകരെ വിവരമറിയിച്ചു. ആർആർടി ടീമും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മുകളിലുള്ള രണ്ട് റിങ് പൊട്ടിച്ച് ആനക്ക് കയറാൻ വഴിയൊരുക്കി. കിണറിലെ കോൺക്രീറ്റ് റിങ്ങിൽ തട്ടി ആനയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. കിണറ്റിൽനിന്ന് കരയ്‌ക്കുകയറ്റുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിൽ തുമ്പിക്കൈ ചുറ്റി കരയ്‌ക്കുകയറാനും ശ്രമിക്കുന്നുണ്ടായിരുന്നു. യന്ത്രംകൊണ്ട് പിൻഭാഗം താങ്ങി ഉയർത്തിയാണ് കരയ്‌ക്കുകയറ്റിയത്. തുടർന്ന് നന്ദി സൂചകമെന്നോണം തുമ്പിക്കൈ ഉയർത്തിയാണ് കാട്ടാന ഉച്ചയോടെ പാലാങ്കര പാലത്തിന് അടിയിലൂടെ വനത്തിലേക്ക് കയറിയത്.










0 comments