വഴിമുട്ടി ബസ് ഉടമകളും ജീവനക്കാരും
ഇല്ലാതാവുന്നു ജീവിതമാര്‍ഗം

പി അഭിഷേക്
Published on Jul 03, 2026, 12:00 AM | 1 min read
മലപ്പുറം
സ്വകാര്യ ബസുകള്‍ അധിക വരുമാനമാര്‍ഗം കണ്ടെത്തണമെന്ന ഗതാഗതമന്ത്രിയുടെ നിര്‍ദേശം മേഖലയെ സര്‍ക്കാര്‍ കൈവിടുകയാണെന്നതിന്റെ സൂചന. ഇതോടെ വരുമാനക്കുറവില്‍ ബുദ്ധിമുട്ടിലായ ബസ് ഉടമകളും ജീവനക്കാരും ആശങ്കയിലാണ്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത് ജില്ലയിലെ സ്വകാര്യ ബസുകളെ ബാധിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഉടമകള്‍ പറയുന്നത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് കുറവാണെങ്കിലും തിരക്കേറിയ റൂട്ടിലെ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞെിട്ടുണ്ട്. ജില്ലയില്‍ പാലക്കാട് – കോഴിക്കോട്, മഞ്ചേരി – കോഴിക്കോട്, വഴിക്കടവ് – കോഴിക്കോട് റൂട്ടിലാണ് കെഎസ്ആര്‍ടിസി സൗജന്യയാത്ര കൂടുതല്‍. ഇതിലൂടെയുള്ള ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകളില്‍ ആളുകള്‍ കുറഞ്ഞു. കൂടാതെ മണ്ണാര്‍ക്കാട് – പെരിന്തല്‍മണ്ണ, പെരിന്തല്‍മണ്ണ – മലപ്പുറം, മലപ്പുറം – കൊണ്ടോട്ടി, കൊണ്ടോട്ടി – രാമനാട്ടുകര, രാമനാട്ടുകര – കോഴിക്കോട് റൂട്ടുകളിലോടുന്ന കുട്ടിബസുകളെയും വരുമാനക്കുറവ് സാരമായി ബാധിച്ചു. തിരൂര്‍, മഞ്ചേരി, ചമ്രവട്ടം റൂട്ടുകളിലും പ്രതിസന്ധിയുണ്ട്. പ്രതിദിനം 1000മുതല്‍ 4000 രൂപവരെയാണ് ബസുകളില്‍ കളക്ഷന്‍ കുറയുന്നത്. ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞാല്‍ 500 രൂപയോ താഴെയോമാത്രമേ മിച്ചം ലഭിക്കാറുള്ളൂ. ബസിന്റെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, റോഡ് ടാക്സ്, സ്റ്റാന്‍ഡ് ഫീസ്, ഫിറ്റ്നസ് തുടങ്ങിയ ചെലവുകള്‍ വേറെയുമുണ്ട്. മൂന്നുമാസത്തേക്കുള്ള റോഡ് ടാക്സ് 50 ശതമാനം കുറച്ച സര്‍ക്കാര്‍ തീരുമാനവും ഗുണകരമല്ല. പ്രതിദിനം 150 രൂപയുടെ ഇളവുമാത്രമാണ് ഇതുവഴി ലഭിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമീകരണത്തിലൂടെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശവും ആശ്വാസമല്ല. ഇടവിട്ട് സര്‍വീസുകളുള്ള റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം. മറ്റ് റൂട്ടുകളില്‍ സൗജന്യ ബസിന്റെ സമയക്രമത്തിനനുസരിച്ച് സ്ത്രീകളും യാത്രാസമയം മാറ്റുമെന്നാണ് ആശങ്ക.










0 comments