നവകിരണം നിലയ്‌ക്കും കിഫ്‌ബിയുടെ ചിറകില്ലെങ്കിൽ

വനം വകുപ്പിന്റെ നവകിരണം പദ്ധതിയുടെ സഹായത്താല്‍ പുതിയ വീട്ടിലേക്ക് മാറിയ ചാലിയാർ പഞ്ചായത്തിലെ നാരായണനും കുടുംബവും
എം സനോജ്
Published on Oct 23, 2026, 12:23 AM | 1 min read
നിലമ്പൂർ
വനത്തിനുള്ളിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നവകിരണം പദ്ധതി കിഫ്ബിയുടെ സാമ്പത്തിക പിന്തുണ നിലച്ചാൽ പ്രതിസന്ധിയിലാകും. പദ്ധതിയിൽ പങ്കാളികളായ 1169ൽ 1026 കുടുംബങ്ങളെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂർണമായും പുനരധിവസിപ്പിച്ചിരുന്നു. ഒന്നാം ഗഡു ലഭിച്ച 143 കുടുംബങ്ങൾക്ക് രണ്ടാം ഗഡു വിതരണംചെയ്യാനുള്ള നടപടികളും പൂർത്തിയായി. എന്നാൽ സാമ്പത്തിക പിന്തുണ ഉറപ്പാക്കിയില്ലെങ്കിൽ ഇത് നിലയ്‌ക്കും. വനത്തിനുള്ളിലെ പട്ടയഭൂമി സർക്കാരിന് കൈമാറി ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറിത്താമസിക്കാൻ ആദിവാസികളല്ലാത്ത കുടുംബങ്ങൾക്ക് അവസരമൊരുക്കുന്നതാണ് നവകിരണം പദ്ധതി. വന്യമൃഗങ്ങളുടെ ആക്രമണഭീഷണിയും പ്രകൃതിദുരന്തങ്ങളും നേരിടുന്ന മേഖലകളിൽനിന്ന് കുടുംബങ്ങളെ മാറ്റി സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ സൗകര്യങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോജക്ടിന്റെയും (ആർകെഡിപി) കിഫ്ബിയുടെയും സാമ്പത്തിക പിന്തുണയോടെ നടപ്പാക്കിയ പദ്ധതിക്കായി ആകെ 164.625 കോടി രൂപ ചെലവഴിച്ചു. വനത്തിനുള്ളിലെ 200.19 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഓരോ കുടുംബത്തിനും (യൂണിറ്റ് കണക്കാക്കി) 15 ലക്ഷം രൂപയാണ് ധനസഹായം. ആദ്യ ഗഡുവായി 7.5 ലക്ഷം രൂപയും തുടർനടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ബാക്കി തുകയും നൽകുന്നു. രണ്ടാം ഗഡു ലഭിക്കുന്നതോടെ ശേഷിക്കുന്ന 143 കുടുംബങ്ങളുടെയും ധനസഹായ വിതരണം പൂർത്തിയാകും. റീബിൽഡ് കേരള പദ്ധതിയുടെ പിന്തുണയോടെ ആരംഭിച്ച നവകിരണം പിന്നീട് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് മുന്നോട്ടുപോയത്. കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ പുതിയ കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നതിനെ ബാധിക്കും. ഇതോടെ വനത്തിനുള്ളിൽനിന്ന് സുരക്ഷിതമായ താമസസ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന കൂടുതൽ കുടുംബങ്ങൾക്ക് അവസരം നഷ്ടമാകും. പുതിയ താമസസ്ഥലത്ത് ഉപജീവനമാർഗം കണ്ടെത്താനും പദ്ധതി സഹായം നൽകുന്നു. തയ്യൽ, ഡ്രൈവിങ്, ഇലക്ട്രിക്കൽ ജോലി, ഹോം നഴ്‌സിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.








0 comments