കാത്തിരിപ്പിന് വിരാമമാകുന്നു
ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് സ്വന്തം കെട്ടിടമുയരും


ടി വി സുരേഷ്
Published on Jul 10, 2026, 12:16 AM | 1 min read
മഞ്ചേരി
ജില്ലയിലെ പോസ്റ്റ് ഓഫീസുകളുടെ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. സ്വന്തമായി കോടികൾ വിലമതിക്കുന്ന ഭൂമിയുണ്ടായിട്ടും വാടകക്കെട്ടിടങ്ങളുടെ ഇടുങ്ങിയ മുറികളിൽ വീർപ്പുമുട്ടിയിരുന്ന മഞ്ചേരി, മലപ്പുറം, തിരൂർ ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് സ്വന്തം കെട്ടിടമൊരുങ്ങും. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തപാൽ വകുപ്പ് ആരംഭിച്ചു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി പദ്ധതി അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കെട്ടിടങ്ങൾ യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ തപാൽ -ഡിജിറ്റൽ സേവന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. സേവന മികവിലും വരുമാനത്തിലും സംസ്ഥാനത്തുതന്നെ മുൻപന്തിയിലാണ് മലപ്പുറം. എന്നാൽ വികസനത്തോട് അധികൃതർ കാട്ടിയത് കടുത്ത അനീതിയാണ്. 1991-ൽ തപാൽ വകുപ്പ് പൊന്നുംവില നൽകി വാങ്ങിയ ഏക്കർ കണക്കിന് ഭൂമിയാണ് അധികൃതരുടെ അനാസ്ഥയിൽ കാടുപിടിച്ചുകിടന്നിരുന്നത്. മഞ്ചേരി കോവിലകംകുണ്ടിലെ രണ്ടേക്കറും ട്രാഫിക് ജങ്ഷനുസമീപത്തെ 23 സെന്റും മലപ്പുറം, തിരൂർ, പൊന്നാനി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ സ്ഥലങ്ങളും കാടുമൂടി സമീപവാസികൾക്ക് ഭീഷണിയായി. കെട്ടിടം പണിയാത്തതുമൂലം പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽമാത്രം ചോർന്നുപോകുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഹെഡ് പോസ്റ്റ് ഓഫീസുകളും സബ് ഓഫീസുകളും ഇന്നും വാടകക്കെട്ടിടങ്ങളിലെ ശ്വാസംമുട്ടുന്ന സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. പല ബ്രാഞ്ച് ഓഫീസുകളും ഒറ്റമുറിയിലാണ്. കെട്ടിടങ്ങളുടെ സ്ഥലപരിമിതി കാരണം മഞ്ചേരിയും മലപ്പുറവും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എടിഎം സൗകര്യംപോലും ഏർപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എംപിമാരുടെ അനാസ്ഥക്കെതിരെയും കാലങ്ങളായി ജനരോഷം ഉയർന്നിരുന്നു. 13 ജില്ലകളിലും കെട്ടിട നിർമാണം പൂർത്തിയായിട്ടും മലപ്പുറത്തെ ജനപ്രതിനിധികൾ പാർലമെന്റിൽ ഉൾപ്പെടെ ഇതിനായി ശക്തമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.











0 comments