വേദനകൾ മായ്ച്ചു, കൂട്ടുകാരുടെ പുഞ്ചിരി

വാൽപ്പാറ ചുരം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് ഷഹദ് ചെറുകുളമ്പ കെഎസ്‌കെഎം യുപി സ്കൂളിലെ തന്റെ സഹപാഠികൾക്കൊപ്പം
കൊളത്തൂർ
മുഹമ്മദ് ഷഹദ് ദിവസങ്ങളായി ആഗ്രഹിക്കുന്നു കൂട്ടുകാരെയൊന്ന് കാണണം. അവരുടെ കൂടെയൊന്നിരിക്കണം. വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ ക്ലാസിലെത്താൻ കഴിയാത്തതിന്റെ വിഷമം മാറ്റണം. ആഗ്രഹം കേട്ടപ്പോൾ അത് റെഡിയാക്കാമെന്നായി സ്‌കൂൾ അധികൃതർ. സ്‌കൂളിലെത്തിയ ഷഹദിനെ കൂട്ടുകാരും അധ്യാപകരും സ്‌നേഹംവിതറിയാണ് സ്വീകരിച്ചത്. ഏറെനേരം വിശേഷങ്ങൾ പറഞ്ഞ്, കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് ഷഹദ് മടങ്ങിയത്. ചെറുകുളമ്പ് കെഎസ്‌കെഎം യുപിയിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷഹദ് കഴിഞ്ഞ അവധിക്കാലത്താണ് വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. പാങ്ങ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന 14 അംഗ വിനോദയാത്രാ സംഘത്തിൽ അംഗമായിരുന്നു ഷഹദ്. പാങ്ങ് സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്ന സാജിദയുടെ മകനാണ്.സാജിദയടക്കം പത്തുപേരാണ് അപകടത്തിൽ മരിച്ചത്. ഷഹദിന് നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. നിലവിൽ ചട്ടിപ്പറമ്പിലെ ജില്ലാ പഞ്ചായത്ത് ഫിസിയോതെറാപ്പി ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലാണ്. തുടർ പരിശോധനക്കായി വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോകും. പോകുന്നതിനുമുന്പ് കൂട്ടുകാരെ കാണണമെന്നും കുറച്ചുസമയം ക്ലാസിൽ ഇരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സ്കൂളിലെത്തിയ ഷഹദിനെ പ്രധാനാധ്യാപകൻ അബ്ദുസമദ് കടമ്പോട്ട് ബൊക്കെ നൽകി സ്വീകരിച്ചു. അധ്യാപകരായ സി പി ഇസ്സുദ്ദീൻ, എ അബ്ദുൽ ഗഫൂർ, പി നിഷാദ് എന്നിവർ ചേർന്നാണ് റിഹാബിലിറ്റേഷൻ സെന്ററിൽനിന്ന് ഷഹദിനെ കൊണ്ടുവന്നതും തിരികെ എത്തിച്ചതും. സാജിദയുടെ ഉമ്മ ഫാത്തിമ സുഹറയുടെയും അമ്മാവൻമാരുടെയും സംരക്ഷണയിലാണ് ഷഹദ്. ബാപ്പ ഷംസുദ്ദീൻ കോവിഡ് കാലത്താണ് വിട്ടുപിരിഞ്ഞത്.






0 comments