ഷിഗല്ല വ്യാപനം
7 വര്‍ഷത്തിനിടെ കൂടുതല്‍ കേസുകള്‍ ഈമാസം

ഷിഗല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരൂരങ്ങാടിയിലെ കടകളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു
മലപ്പുറം
ഏഴുവര്‍ഷത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഷിഗല്ല കേസുകളും മരണവും റിപ്പോര്‍ട്ട്ചെയ്തത് ഈമാസം. ജൂണില്‍മാത്രം പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2022 ഡിസംബറില്‍ ഏഴുപേര്‍ക്ക് ഷിഗല്ല ബാധിച്ചതാണ് ഇതിനുമുമ്പുള്ള വലിയ രോഗവ്യാപനം. അന്ന് ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍, ഈമാസം പകുതിയാകുമ്പോഴേക്ക് ജില്ലയില്‍ ഷിഗല്ല വ്യാപനം രൂക്ഷമായി. ഒരാഴ്ചയ്ക്കിടെയാണ് ഒമ്പതുപേരിലും രോഗം സ്ഥിരീകരിച്ചത്. താഴേക്കോട്, പുളിക്കല്‍, എടവണ്ണ, തേഞ്ഞിപ്പലം, എടക്കര, മൊറയൂര്‍, കീഴാറ്റൂര്‍, മലപ്പുറം തുടങ്ങിയിടങ്ങളിലെല്ലാം ഷിഗല്ല റിപ്പോര്‍ട്ട്ചെയ്തു. രണ്ടുപേര്‍ മരിച്ചതോടെ അതീവ ആശങ്കയിലാണ് ജില്ല. കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശി വേർക്കോട്ടുപറമ്പിൽ സരോജിനി (69) ഈമാസം ഒമ്പതിനും വടക്കേമണ്ണയിലെ മൂന്നാംപടിയൻ ബൈജുവിന്റെ മകൻ ആർജവ് (8) തിങ്കളാഴ്ചയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2020മുതലാണ് ജില്ലയില്‍ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യാന്‍ തുടങ്ങിയത്. 2020ല്‍ അഞ്ച്, 2021ല്‍ 12, 2022ല്‍ 30, 2024ല്‍ 15, 2025ല്‍ 12, 2026 ഇതുവരെ 15 കേസുകളുണ്ടായി. 2023ല്‍ രോഗബാധ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. 2022ല്‍ മൂന്നുപേരും 2024ല്‍ ഒരാളും മരിച്ചു. സാധാരണ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പലയിടങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായില്ല. തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് വലിയ അലംഭാവമുണ്ടായി. കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടശേഷമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി കെ ബഷീറിന്റെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനംചെയ്തത്. ബോധവല്‍ക്കരണ ക്യാമ്പയിന്‍ നാളെമുതല്‍ മലപ്പുറം ഷിഗല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് നടപടിയുണ്ടായില്ലെന്ന ആക്ഷേപത്തിനിടെ സാംക്രമികരോഗങ്ങള്‍ക്കെതിരായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണസംവിധാനം. ബുധനാഴ്ചമുതല്‍ 30വരെയാണ് ക്യാമ്പയിന്‍. ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, തദ്ദേശം തുടങ്ങിയ വകുപ്പുകള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും. ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തും. എല്ലാ സ്കൂളുകളിലെയും കുടിവെള്ളം പരിശോധിക്കും. കൃത്യമായ ഇടവേളകളില്‍ കിണറുകള്‍ ക്ലോറിനേറ്റ്ചെയ്യും. പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കും.








0 comments