ഇവിടെയുണ്ട് ഇ എം എസിന്റെ കൈയൊപ്പ്

1984ൽ വൈഎംഎ സന്ദർശിച്ചപ്പോൾ ഇ എം എസ് സ്വന്തം കൈപ്പടയിൽ കുറിച്ച സന്ദർശക പുസ്തകവുമായി ആദ്യകാല ഗ്രന്ഥശാല പ്രവർത്തകൻ എം ടി മുസ്തഫ
അരീക്കോട്
അരീക്കോട് ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന് വേദിയൊരുങ്ങുമ്പോൾ വൈഎംഎ ഗ്രന്ഥശാലക്ക് പറയാനുള്ളത് സമാനതകളില്ലാത്ത പോരാട്ടത്തിന്റെയും അക്ഷരസ്‌നേഹത്തിന്റെയും കഥയാണ്. അരനൂറ്റാണ്ടുമുമ്പ് ഗ്രന്ഥാലയത്തിലെത്തിയ ഇ എം എസ് സന്ദർശക പുസ്തകത്തിൽ സ്വന്തം കൈപ്പടയിൽ കുറിച്ച വാക്കുകൾ ഇന്നും ഇവിടെ നിധിപോലെ തിളങ്ങുന്നു. "ഈ ഗ്രന്ഥശാല– വായനശാല ഇവിടെ പ്രവർത്തനം നടത്തുന്നവിധം കണ്ടതിൽ ഞാൻ എന്റെ പൂർണമായ അഭിനന്ദനം രേഖപ്പെടുത്തുന്നു.’– - ഇ എം എസ് നമ്പൂതിരിപ്പാട്.. എന്നായിരുന്നു അദ്ദേഹം സന്ദർശക പുസ്‌തകത്തിൽ കുറിച്ചത്. വൈഎംഎയുടെ ജനകീയ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ് 1960, 1970, 1984 വർഷങ്ങളിൽ ഇ എം എസ് ഇവിടെ സന്ദർശിച്ചു. ഇന്ന് ഇ എം എസിന്റെ സമ്പൂർണ കൃതികളുടെ മുഴുവൻ വോള്യങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങളുമടങ്ങുന്ന പ്രത്യേക വിഭാഗംതന്നെ ഇവിടെയുണ്ട്. അദേഹത്തിന്റെ ഓർമകൾക്കായി നിർമിച്ച വലിയൊരു കോൺഫറൻസ് ഹാളുമുണ്ട്. എ കെ ജി, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, സീതാറാം യെച്ചൂരി, ഇമ്പിച്ചിബാവ, പിണറായി വിജയൻ തുടങ്ങിയവരും തായാട്ട് ശങ്കരൻ, എം എസ് ബാബുരാജ്, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീർ, എസ് കെ പൊറ്റെക്കാട്ട്, എം ടി വാസുദേവൻ നായർ, ഒ വി വിജയൻ തുടങ്ങി സാഹിത്യപ്രതിഭകളും ഈ പടവുകൾ കയറിയവരാണ്. ഇവരുടെയെല്ലാം ഓർമക്കുറിപ്പുകൾ ഇന്നും ഭദ്രം. റഫറൻസ് ലൈബ്രറി ഉൾപ്പെടെ 25,000-ത്തിലധികം പുസ്തകങ്ങളും ഫുട്ബോളിനെക്കുറിച്ചുള്ള അപൂർവ ശേഖരവും കമ്യൂണിസ്റ്റ് നേതാക്കളുടെ കൃതികളും കൈയെഴുത്ത് മാസികകളും ഇവിടെയുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് ഡിസി പുരസ്കാരവും സംസ്ഥാന ഗ്രന്ഥശാല അവാർഡും വൈഎംഎ നേടിയിട്ടുണ്ട്. 'ഇ എം എസിന്റെ ലോകം' ദേശീയ സെമിനാറിന് അരീക്കോട് വേദിയാകുമ്പോൾ അക്ഷരവും വിപ്ലവവും ചേർത്തുവച്ച വൈഎംഎയുടെ ചരിത്രവഴികൾ ആവേശവും വഴിവെളിച്ചവുമാണ്. കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട നാളുകളിലാണ് വൈഎംഎയുടെ ജനനം. 1949-ലെ ഒരു അർധരാത്രിയിൽ ചാലിയാറിന്റെ മണൽപ്പരപ്പിൽ രഹസ്യമായി ഒത്തുകൂടിയ യുവാക്കൾക്ക് മുന്നിൽ സഖാവ് കുഞ്ഞാലിയാണ് "ഭരണകൂടം പാർടിയെ നിരോധിച്ചാലും ജനങ്ങൾക്ക് അറിവ് പകരാൻ ഒരിടംവേണം’ എന്ന് പ്രഖ്യാപിച്ചത്. എം വി മുഹമ്മദ്, വിളക്കത്തിൽ അബ്ദുള്ളകുട്ടി എന്നിവരുടെ നേതൃത്വത്തിൽ യുവകൂട്ടായ്മ രൂപീകരിച്ചു. 1952ൽ ഒരു കൊച്ചു പീടികമുറി വായനശാലയായി. തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ ദിശാബോധം നൽകിയ കേന്ദ്രത്തിലേക്ക് പ്രവർത്തകർ പിരിവെടുത്താണ് മുടങ്ങാതെ ദേശാഭിമാനി പത്രം എത്തിച്ചിരുന്നത്. റേഡിയോയിലൂടെ ലോകവിവരങ്ങൾ പകർന്നും മുതിർന്നവരെ അക്ഷരം പഠിപ്പിച്ചും നാടകം, കഥാപ്രസംഗം, സിനിമ, ഫുട്ബോൾ എന്നിവയിലൂടെ നാടിന്റെ സാംസ്കാരിക ബോധത്തെ കൂട്ടായ്മ ഉയർത്തി. ദേശീയ -അന്തർദേശീയതലങ്ങളിൽ തിളങ്ങിയ മികച്ച ഫുട്ബോൾ താരങ്ങളെ കേരളത്തിന് സംഭാവനചെയ്യാനും വൈഎംഎക്ക് കഴിഞ്ഞു.









0 comments