ഡിഎസ്‌യു തെരഞ്ഞെടുപ്പ്
പി എം എ സലാം അക്രമികളെ വെള്ളപൂശുന്നു: സിപിഐ എം

മലപ്പുറം
കലിക്കറ്റ് സർവകലാശാല ഡിഎസ്‌യു തെരഞ്ഞെടുപ്പ് സമയത്ത് വ്യാപക അക്രമം നടത്തിയവരെ വെള്ളപൂശാനാണ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. അക്രമം നടത്തിയത് എംഎസ്‌എഫുകാരും കെഎസ്‌യുകാരും പുറത്തുനിന്നെത്തിയ യൂത്ത്‌ലീഗുകാരുമാണ്. എന്നാൽ പ്രശ്‌നത്തെ ക്യാന്പസിലെ സ്വാഭാവിക വിദ്യാർഥി സംഘർഷമായി ലഘൂകരിക്കാനാണ് ലീഗ് ജനറൽ സെക്രട്ടറി ശ്രമിക്കുന്നത്. തികച്ചും സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിനെ യുഡിഎസ്‌എഫുകാരും യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളും സംഘടനാ നേതാക്കന്മാരും ഗൂഢാലോചന നടത്തി അട്ടിമറിക്കുകയായിരുന്നു.
പരാജയം ഉറപ്പായ സമയത്ത് എംഎസ്‌എഫ്– കെഎസ്‌യു പ്രവർത്തകർ ബോധപൂർവം പ്രശ്‌നങ്ങളുണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് താൽക്കാലിക വൈസ് ചാൻസലറും അവർക്ക് ഒത്താശ ചെയ്‌തു. താൽക്കാലിക വിസിയും യുഡിഎസ്‌എഫും ബിജെപിയും കൈകോർത്താണ് സർവകലാശാലയുടെ സമാധാനാന്തരീക്ഷം തകർക്കുന്നത്. എംഎസ്‌എഫ്–യൂത്ത് ലീഗ് അക്രമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിന് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിൽ എസ്‌എഫ്‌ഐയുടെ കൗണ്ടിങ് ഏജന്റ് ഷിഫാന, ഡിഎസ്‌യു പ്രസിഡന്റ് ഡോ. വി എ ഷഹന, മറ്റ് വിദ്യാര്‍ഥികള്‍, 15 പൊലീസുകാർ എന്നിവർക്കും പരിക്കേറ്റു. ഇരുട്ടിന്റെ മറവിൽ യൂത്ത് ലീഗുകാർ നടത്തിയ കല്ലേറിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
ഇ എം എസ് സെമിനാർ കോംപ്ലക്‌സിന്റെ ജനൽചില്ലുകളും ഫർണിച്ചറും അടിച്ചുതകർക്കയും ചെയ്‌തു. വിദ്യാർഥികളുടെ ജനാധിപത്യ അവകാശത്തെ അട്ടിമറിച്ച എംഎസ്‌എഫിന്റെ നിലപാടിനെ പി എം എ സലാമിനെ പോലുള്ള ഒരു നേതാവ് ന്യായീകരിക്കുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക.
എസ്‌എഫ്‌ഐ 400 വോട്ടിന് ലീഡ് ചെയ്‌തു നിൽക്കുന്പോളാണ് അക്രമം. അതുകൊണ്ടുതന്നെ ഇരുവിഭാഗം തമ്മിലുള്ള സംഘർഷമായി വിഷയം ലഘൂകരിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ശ്രമം ജനങ്ങൾ തള്ളിക്കളയും. കുറ്റവാളികൾ ആരാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതുകൊണ്ടാണ് എംഎസ്‌എഫുകാരും യൂത്ത് ലീഗുകാരും അറസ്‌റ്റിലായത്.
എംഎസ്‌എഫുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിന് പകരം തെറ്റായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതും അക്രമങ്ങൾക്ക് പിന്തുണ നൽകുന്നതും പി എം എ സലാമിനെ പോലുള്ള ഒരു നേതാവിന് ഒട്ടും യോജിച്ചതല്ല. ഇത്തരം നിലപാടുകളിൽനിന്നും അദ്ദേഹം പിന്മാറണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.









0 comments