ad
Deshabhimani

സൂപ്പർ മോഡലായി ‘മെഡ്‌ഓറ’

MedAura' smart health assistive robot.

കേരള സ്റ്റാർട്ടപ്പ് മിഷൻ ടൈ യങ്‌ എന്റർപ്രിണേഴ്‌സ്‌ ഗ്ലോബൽ സമ്മിറ്റിൽ സ്മാർട്ട് ഹെൽത്ത് അസിസ്റ്റീവ് റോബോട്ട്‌ ആശയം വിശദീകരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 01:30 AM | 1 min read

മലപ്പുറം

കേരള സ്റ്റാർട്ടപ്പ് മിഷൻ ടൈ ഗ്ലോബൽ സെമി ഫൈനലിൽ മികച്ച ബിസിനസ് മോഡൽ അവാർഡ് നേടി ‘മെഡ്‌ഓറ’ സ്മാർട്ട് ഹെൽത്ത് അസിസ്റ്റീവ് റോബോട്ട്‌. വേങ്ങര എആർ നഗർ സ്വദേശികളായ പി പി മുഹമ്മദ് ഫാദിൽ, പി ഹാനി സമൻ എന്നീ വിദ്യാർഥികളാണ്‌ ടിഐഇ ഗ്ലോബൽ സെമി ഫൈനലിൽ മെഡ്‌ഓറയെ അവതരിപ്പിച്ചത്‌. ടിവൈഇ റീജണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് നേടി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സെമി ഫൈനലിലെത്തിയത്‌. ചികിത്സാസൗകര്യം പരിമിതമായ പ്രദേശങ്ങളിൽ ജനങ്ങളുടെ ആരോഗ്യ പരിപാലനം സ്‌മാർട്ടാക്കുകയെന്ന ചിന്തയിൽനിന്നാണ്‌ സുഹൃത്തുക്കളായ പി പി മുഹമ്മദ് ഫാദിൽ, പി ഹാനി സമൻ, കെ മുഹമ്മദ് മഹ്ബിൻ എന്നിവർ സ്മാർട്ട് ഹെൽത്ത് അസിസ്റ്റീവ് റോബോട്ട്‌ എന്ന ആശയത്തിലെത്തുന്നത്‌. ഒന്നരവർഷത്തെ പ്രയത്നത്തിലൂടെയാണ്‌ ‘മെഡ്‌ഓറ’ നിർമിച്ചത്‌. ഏകദേശം ഒന്നര ലക്ഷം രൂപയാണ്‌ പ്രോ മോഡൽ നിർമാണ ചെലവ്‌. രോഗികളുടെ അടിസ്ഥാന ജീവപര്യന്ത ഘടകങ്ങൾ (വൈറ്റൽ) നിരീക്ഷിക്കുക, മരുന്ന് സമയബന്ധിതമായി വിതരണംചെയ്യാൻ സഹായിക്കുക, അടിയന്തര ആരോഗ്യസ്ഥിതികളിൽ മുന്നറിയിപ്പ്‌ നൽകുക, മനുഷ്യസഹായം ലഭ്യമാകാത്ത സാഹചര്യങ്ങളിൽ പ്രാഥമിക ആരോഗ്യപിന്തുണ നൽകുക എന്നിവയാണ് സവിശേഷതകൾ. ആരോഗ്യമേഖലയിലെ മനുഷ്യവിഭവക്കുറവ് മറികടക്കാനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും കഴിയുന്നതാണ്‌ ആശയം. വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ് വിർച്വൽ തലത്തിൽ 17-ാം റാങ്ക്, ചെന്നൈ റീജണൽ മത്സരത്തിൽ ഒന്നാംസ്ഥാനം, ദേശീയതലത്തിൽ ഗോൾഡ് ബാഡ്ജോടെ നാലാംസ്ഥാനം, റോബോടെക്സ് നാഷണൽസ് ഫൈനലിസ്റ്റ് അംഗീകാരങ്ങൾ എന്നിവ ടീം സ്വന്തമാക്കിയിട്ടുണ്ട്. റോബോട്ട്‌ വിപണിയിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home