"പ്രിയദര്‍ശിനി' പദ്ധതിയില്‍ ജില്ലയോട് അവഗണന
21,965 സ്ത്രീകള്‍ക്ക് ഒരു ബസ്

Malappuram district is facing the most neglect in the 'Priyadarshini' project.
മലപ്പുറം
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന "പ്രിയദര്‍ശിനി' പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോള്‍ ജില്ലയില്‍ 21,965 സ്ത്രീകള്‍ക്ക് ഒരുബസ് എന്നനിലയില്‍ മാത്രമേ സൗജന്യ സര്‍വീസുള്ളൂ. 2011ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 21,52,592 സ്ത്രീകളാണുള്ളത്. നിലവില്‍ ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള ജില്ലയിലാണ് കെഎസ്ആര്‍ടിസിക്ക് ഏറ്റവും കുറവ് ഓര്‍ഡിനറി ബസുള്ളത്. ടിടി ഉള്‍പ്പെടെ 98 ബസുകള്‍മാത്രമാണ് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നുള്ളൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ദിവസവും സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം ഇതിലും കുറയും. ഇതോടെ അന്തരം വീണ്ടും കൂടും. ചരിത്രമെന്ന് വിശേഷിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയിലാണ് ജില്ല അവഗണന നേരിടുന്നത്. മലപ്പുറത്തുനിന്ന് നാല് മന്ത്രിമാരുണ്ടായിട്ടും ഫലമുണ്ടായില്ല. ജില്ലയില്‍ ഓര്‍ഡിനറി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ പദ്ധതിയുടെ ഗുണം ഭൂരിഭാഗം സ്ത്രീകള്‍ക്കും ലഭിക്കില്ല. തിരക്കേറിയ പല റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകളില്ല. മിക്ക സർവീസുകളും പാലക്കാട്– കോഴിക്കോട് റൂട്ടിൽ ഓടുന്നവയാണ്. പെരിന്തല്‍മണ്ണ – വളാഞ്ചേരി റൂട്ടില്‍ ഒരുബസുപോലുമില്ല. മഞ്ചേരി – തിരൂര്‍ റൂട്ടിലും കെഎസ്ആര്‍ടിസി സര്‍വീസ് കുറവാണ്. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യം അനുവദിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് നല്‍കിയ വാഗ്ദാനം. എന്നാല്‍, സൗജന്യം ഓര്‍ഡിനറിയില്‍മാത്രമാക്കി സ്ത്രീകളെ വഞ്ചിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയെ അവഗണിക്കുന്നുവെന്ന കള്ളക്കഥ പ്രചരിപ്പിച്ചവരാണ് അധികാരത്തിലെത്തിയപ്പോള്‍ മലക്കംമറിഞ്ഞത്.










0 comments